ഹൈദരാബാദ്: നടുറോഡിൽ ഏറ്റുമുട്ടി കോൺഗ്രസ്- ബിആർഎസ് പ്രവർത്തകർ. സംഘർഷത്തിൽ ബിആർഎസ് നിയമസഭാംഗമായ ടി ഹരീഷ് റാവുവിന്റെ ഓഫീസ് അടിച്ചുതകർത്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് സംഭവം. ഹരീഷ് റാവുവിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ ബാനറുകൾ സ്ഥാപിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
എംഎൽഎയുടെ ഓഫീസിന് മുന്നിലാണ് കോൺഗ്രസ് പ്രവർത്തകർ ബാനറുകൾ സ്ഥാപിച്ചത്. ബാനറുകൾ നീക്കം ചെയ്യാൻ ബിആർഎസ് പ്രവർത്തകർ എത്തിയതോടെ വാക്കുതർക്കവും സംഘർഷവും ഉണ്ടാകുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിലടിച്ചു.
പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ എംഎൽഎ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഓഫീസിലുണ്ടായിരുന്ന ഉപകരണങ്ങളും മറ്റും വസ്തുക്കളും അടിച്ചുതകർത്തു. പൊലീസ് എത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. സംഭവത്തിൽ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് പ്രവർത്തകർ ഓഫീസ് ആക്രമിക്കുന്നതിന്റെ വീഡിയോ ഉൾപ്പെടുത്തി ഹരീഷ് റാവു പൊലീസിന് പരാതി നൽകിയിട്ടുണ്ട്.















