ഗാന്ധിനഗർ: രക്ഷാബന്ധന് മുന്നോടിയായി രാജ്യസുരക്ഷയ്‌ക്കായി അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് രാഖികൾ അയച്ചുനൽകാൻ ഗുജറാത്തിലെ അങ്കണവാടി തൊഴിലാളികൾ.’ഒരു രാഖി രാജ്യത്തെ സൈനികർക്കുവേണ്ടി’ എന്ന കേന്ദ്ര സർക്കാരിന്റെ ക്യാമ്പയിന്റെ ഭാഗമായാണ് രാഖികൾ അയച്ചു നൽകുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഭാനുബെൻ ബാബരിയ എന്നിവർ ചേർന്ന് ലെഫ്. കേണൽ രാകേഷ് കുമാറിനും സബ് മേജർ സന്തോഷ് കാംതെയ്‌ക്കും രക്ഷാ കലശം കൈമാറി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്‌തു.
സംസ്ഥാനത്തുടനീളമുള്ള 53,000 അങ്കണവാടികളിലെ സ്ത്രീകൾ ഒരു ലക്ഷത്തിലധികം രാഖികൾ സൈനികർക്ക് അയക്കും. സൈനികർക്ക് തങ്ങളുടെ അമ്മമാരും സഹോദരിമാരും അകലെയല്ല ഒപ്പമുണ്ടെന്ന തോന്നൽ ഉണ്ടാക്കുകയാണ് ക്യാമ്പയിന്റെ ഉദ്ദേശ്യം. ചൂടിലും തണുപ്പിലും മഴയിലും ഏത് കഠിന സാഹചര്യത്തിലും തങ്ങളുടെ കുടുംബത്തിൽ നിന്നുമകന്ന് രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ കാവൽ നിൽക്കുന്ന സൈനികരോടുള്ള നന്ദി സൂചകമായി കൂടിയാണ് ക്യാമ്പയിൻ നടത്തുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ജമ്മു കശ്മീരിലെ അഖ്‌നൂർ ജില്ലയിൽ സൈനികർക്ക് രാഖി കെട്ടി സ്കൂൾ വിദ്യാർത്ഥിനികൾ രക്ഷാബന്ധൻ ആഘോഷിച്ചിരുന്നു. അവർ സൈനികർക്ക് രാഖി കെട്ടിയും തിലകം ചാർത്തിയും മധുരപലഹാരങ്ങൾ വിളമ്പിയുമാണ് ചടങ്ങുകൾ ആഘോഷിച്ചത്. ഈ വർഷം ഓഗസ്റ്റ് 19 നാണ് രക്ഷാബന്ധൻ മഹോത്സവം ആഘോഷിക്കുന്നത്. സഹോദരനും സഹോദരിയും തമ്മിലുള്ള സ്നേഹബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന പരമ്പരാഗതമായ ഹിന്ദു ഉത്സവമാണ് രക്ഷാബന്ധൻ.















