ന്യൂഡൽഹി: കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ മമത സർക്കാരിനെതിരെ രാജ്യ വ്യാപക പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കൊലപാതകം മമതയുടെ പൊലീസ് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചതും തെളിവ് നശിപ്പിക്കാൻ ആശുപത്രി മുറിയിൽ നവീകരണ നിർമ്മാണങ്ങൾ നടത്തിയെന്നുമടക്കമുള്ള വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ സമൂഹ മാദ്ധ്യമങ്ങളിലും മമത ബാനർജിയുടെ നിലപാടുകൾക്കെതിരെ വിമർശനം ശക്തമാണ്. പീഡനങ്ങൾ വർദ്ധിക്കുന്നതിനെക്കുറിച്ച് 2012 ൽ മമത പറഞ്ഞ ഒരു പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചൂടുള്ള ചർച്ചയായി മാറിയിരിക്കുന്നത്.
ഇപ്പോഴുള്ള ആൺകുട്ടികളും പെൺകുട്ടികളും കൂടുതൽ സ്വതന്ത്രമായി ഇടപഴകുന്നതിനാലാണ് ബലാത്സംഗക്കേസുകൾ വർദ്ധിക്കുന്നതെന്നായിരുന്നു മമത അന്ന് പറഞ്ഞത്. “നേരത്തെ ആണും പെണ്ണും കൈകോർത്ത് പിടിച്ചാൽ രക്ഷിതാക്കളാൽ പിടിക്കപ്പെടുകയും അവർ ശാസിക്കുകയും ചെയ്യുമായിരുന്നെങ്കിൽ ഇപ്പോൾ അതിനെല്ലാം കുറച്ചുകൂടെ സ്വാതന്ത്ര്യം ലഭിച്ചു. ഓപ്പൺ ഓപ്ഷനുകളുള്ള ഒരു ഓപ്പൺ മാർക്കറ്റ് പോലെയാണിത്,” മമത പറഞ്ഞു.
2012 ൽ കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിൽ ഓടുന്ന കാറിൽവച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലചെയ്ത സംഭവത്തിലായിരുന്നു മമതയുടെ വിവാദ പരാമർശം. സർക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കാൻ വേണ്ടി കെട്ടിച്ചമച്ച കള്ളക്കേസെന്നായിരുന്നു അന്ന് ബംഗാൾ മുഖ്യമന്ത്രി പ്രതികരിച്ചത്. കൊൽക്കത്തയിൽ മറ്റൊരു ക്രൂര കൊലപാതകം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മമതയുടെ വീഡിയോ വീണ്ടും പൊതുജനരോഷം ആളിക്കത്തിച്ചിരിക്കുകയാണ്.















