കോട്ടയം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ (Kochi Blue Tigers) സ്വന്തമാക്കിയ മലയാളി. കോട്ടയം പാലാ സ്വദേശി സുഭാഷ് മാനുവൽ. യുകെ മലയാളിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എംഎസ് ധോണി ബ്രാൻഡ് അംബാസിഡറായ സിംഗിൾ ഐഡി (Single.ID) യുടെ ഉടമയുമാണ് സുഭാഷ് മാനുവൽ.
പ്രമുഖ മലയാളി സംരംഭകൻ കൂടിയായ സുഭാഷ് യുകെ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ടീമിലെ നീലക്കടുവകൾ കേരള ക്രിക്കറ്റ് ലീഗിൽ കളത്തിലിറങ്ങുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. കേരളത്തിൽ കായിക സംസ്‌കാരം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും പുതുതലമുറയിലെ മികച്ച കളിക്കാരെ കായിക ലോകത്തിന് സംഭാവന ചെയ്യുകയാണ് ലക്ഷ്യമെന്നും സുഭാഷ് മാനുവൽ പറഞ്ഞു. കൊച്ചിക്ക് ലഭിച്ചത് മികച്ച താരങ്ങളെയാണെന്നും കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്‌ച്ചവെക്കാനാകുമെന്നും സുഭാഷ് മാനുവൽ വ്യക്തമാക്കി.
അഭിഭാഷകൻ കൂടിയായ സുഭാഷ് കൊച്ചി ടീമിന്റെ ഉടമയായതോടെ പാലായുടെ പേരും കേരള ക്രിക്കറ്റ് ലീഗിൽ ഇടംനേടിയിരിക്കുകയാണ്. ബ്രിട്ടണിലും സ്പോർട്സിന് പ്രാധാന്യം നൽകി നിരവധി പ്രവർത്തനങ്ങൾ സുഭാഷിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. ഐപിഎൽ താരവും ഫാസ്റ്റ് ബൗളറുമായ ബേസിൽ തമ്പിയാണ് ബ്ലൂ ടൈഗേഴ്സിന്റെ ഐക്കൺ സ്റ്റാർ. 2014-15 സീസണിൽ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ച ബേസിൽ 2017 ൽ ഗുജറാത്ത് ലയൺസിലൂടെയാണ് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്.
തിരുവനന്തപുരത്ത് നടന്ന താരലേലത്തിൽ ഓൾ റൗണ്ടർ മനു കൃഷ്ണനെ ഏഴ് ലക്ഷം രൂപയ്‌ക്കാണ് ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. പാലാ ഭരണങ്ങാനം മാറാമറ്റം വീട്ടിൽ മാനുവൽ ജോസഫിന്റെയും ഫിലോമിനയുടെയും മകനാണ് സുഭാഷ്.