എറണാകുളം: പഞ്ചായത്ത് ഓഫീസിനുള്ളിൽ മാലിന്യം തള്ളി വ്യാപാരിയുടെ പ്രതിഷേധം. പെരുമ്പാവൂർ വെങ്ങോല പഞ്ചായത്ത് ഓഫീസിലാണ് സംഭവം. വെങ്ങോലയിൽ മീൻ കട നടത്തുന്ന അനൂപാണ് പഞ്ചായത്ത് ഓഫീസിനുള്ളിൽ മാലിന്യം തള്ളിയത്. തന്റെ കടയ്‌ക്ക് മുന്നിലെ മാലിന്യം നീക്കാൻ പഞ്ചായത്ത് തയ്യാറാകാത്തതിനെ തുടർന്നാണ് അനൂപ് ഓഫീസിനുള്ളിൽ മാലിന്യം തള്ളി പ്രതിഷേധിച്ചത്.
ദുർഗന്ധം വമിക്കുന്ന മാലിന്യ ചാക്കുമായി അനൂപ് ആദ്യം എത്തിയത് ഉദ്യോഗസ്ഥർ ഇരിക്കുന്ന ഹാളിലായിരുന്നു. ഇത് ഇവിടെ കിടക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെങ്കിൽ അതേ ബുദ്ധിമുട്ട് തന്നെയാണ് തങ്ങൾക്ക് ഉണ്ടാകുന്നതെന്ന് അനൂപ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
പല തവണ പറഞ്ഞിട്ടും പഞ്ചായത്ത് അധികൃതർ മാലിന്യം എടുത്തുകൊണ്ടുപോകാൻ തയ്യാറായിട്ടില്ലെന്നും അതിനാലാണ് താൻ പ്രതിഷേധിച്ചതെന്നും അനൂപ് പ്രതികരിച്ചു. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിൽ അനൂപിനെതിരെ കേസെടുക്കുമെന്ന് പെരുമ്പാവൂർ പൊലീസ് അറിയിച്ചു.
ഹരിത കർമസേന ശേഖരിച്ച മാലിന്യമാണ് ലോറിയിൽ കൊണ്ടുപോകുന്നതിനിടെ അനൂപിന്റെ കടയ്‌ക്ക് മുന്നിൽ വീണത്. എന്നാൽ അനൂപ് കൊണ്ടുവന്ന മാലിന്യം വെങ്ങോല പഞ്ചായത്തിന്റേത് അല്ലന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.