കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളജിൽ പിജി വനിതാ ട്രെയിനി ഡോക്ടർ ക്രൂരമായി പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിയുടെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താൻ സിബിഐ. ഇതിനായി ഡൽഹിയിൽ നിന്നും പ്രത്യേക സംഘത്തെ സിബിഐ കൊൽക്കത്തയിലേക്ക് അയയ്‌ക്കും.
സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുളള വിദഗ്ധ സംഘമാണ് കൊൽക്കത്തയിലെത്തുക. പ്രതിയുടെ മാനസീകനില പരിശോധിക്കുകയാണ് ലക്ഷ്യം. അറസ്റ്റിലായ പ്രതിയും സിവിക് പൊലീസ് വോളന്റിയറുമായ സഞ്ജയ് റോയിയുടെ പെരുമാറ്റത്തിൽ സംശയമുയർന്നതിനെ തുടർന്നാണ് സിബിഐയുടെ നീക്കം. സഞ്ജയ് റോയി താമസിച്ചിരുന്ന ആർജി കാർ മെഡിക്കൽ കോളജിലെ 4 ാം ബറ്റാലിയൻ പൊലീസ് ബാരക്കിലുൾപ്പെടെ സിബിഐ സംഘം പരിശോധന നടത്തിയിരുന്നു.
മെഡിക്കൽ കോളജ് പ്രിൻസിപ്പലായിരുന്ന ഡോ. സന്ദീപ് ഘോഷിനെ സിബിഐ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ. വെളളിയാഴ്ച സന്ദീപ് ഘോഷിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി എത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്. കോളജിൽ ആ ദിവസം ഉണ്ടായിരുന്ന ഫുഡ് ഡെലിവറി ബോയിയെയും സിബിഐ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അറസ്റ്റ് തടയാൻ സന്ദീപ് ഘോഷ് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചങ്കിലും കോടതി ഹർജി തളളുകയായിരുന്നു. സന്ദീപ് ഘോഷിനെ ആർജി കാർ ആശുപത്രിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തെങ്കിലും മറ്റൊരു കോളജിൽ മമത സർക്കാർ പുനർനിയമനം നൽകുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിരുന്നുമില്ല. ആശുപത്രി കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത ഇടപാടുകൾ കൂടിയാണ് ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ പുറത്തുവരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സന്ദീപ് ഘോഷിനെ ചോദ്യം ചെയ്തത്.















