ന്യൂഡൽഹി: ദേശീയ ടീമിൽ ഇടം ലഭിക്കാത്ത താരങ്ങൾ ആഭ്യന്തര ടൂർണമെന്റുകളിൽ നിർബന്ധമായും കളിക്കണമെന്ന ബിസിസിഐയുടെ കർശന നിലപാട് ആവർത്തിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ.
പരിക്കിന്റെ പേരിൽ മാറി നിൽക്കേണ്ടി വരുന്ന താരങ്ങളെ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷമേ ദേശീയ ടീമിലേക്ക് പരിഗണിക്കൂവെന്ന് ജയ് ഷാ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ കുറച്ച് കർശന നിലപാട് സ്വീകരിക്കേണ്ട സാഹചര്യമാണെന്ന് ജയ് ഷാ തുറന്നു പറഞ്ഞു. ദുലീപ് ട്രോഫി സ്‌ക്വാഡിൽ രോഹിതും വിരാടും ഒഴികെയുളളവർ കളിക്കുന്നുണ്ട്. അത്തരമൊരു കർശന നിലപാട് ബിസിസിഐ സ്വീകരിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ശ്രേയസ് അയ്യറും ഇഷാൻ കിഷനും ദുലീപ് ട്രോഫിയിൽ കളിക്കുമെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.
നേരത്തെ രവീന്ദ്ര ജഡേജ പരിക്കേറ്റ് മാറി നിന്നപ്പോൾ ഫിറ്റ്‌നസ് വീണ്ടെടുത്ത് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാനാണ് താൻ വിളിച്ചു പറഞ്ഞത്. ആര് പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നാലും ആഭ്യന്തര ക്രിക്കറ്റിൽ ശാരീരിക ക്ഷമത വീണ്ടെടുക്കാതെ അവർക്ക് ദേശീയ ടീമിൽ ഇടംപിടിക്കാനാകില്ലെന്ന് ജയ് ഷാ പറഞ്ഞു. അതേസമയം രോഹിത്തിനോടും വിരാട് കൊഹ്ലിയോടും ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ശാരീരിക ക്ഷമത തെളിയിക്കണമെന്ന് പറയുന്നത് ഉചിതമാകില്ല. സീനിയർ താരങ്ങളായ അവർക്ക് പരിക്കേൽക്കാനുൾപ്പെടെ സാദ്ധ്യതയുണ്ട്.
ഇംഗ്ലണ്ടിന്റെയോ ഓസ്‌ട്രേലിയയുടെയോ ഒരു സീനിയർ താരം പോലും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നില്ലെന്ന് ജയ് ഷാ ചൂണ്ടിക്കാട്ടി. നമ്മൾ നമ്മുടെ താരങ്ങളെ ബഹുമാനത്തോടെ കാണണം അല്ലാതെ അവരെ ജോലിക്കാരെപ്പോലെ കാണരുതെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.
അടുത്ത മാസം ബംഗ്ലാദേശുമായുളള രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയെ ഇനി കാത്തിരിക്കുന്നത്. സെപ്തംബർ 19 മുതലാണ് മത്സരങ്ങൾ. സെപ്തംബർ അഞ്ച് മുതലാണ് ദുലീപ് ട്രോഫി നടക്കുക.















