കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഡോക്ടർമാരുടെ ആവശ്യങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി. ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെയുള്ള അക്രമങ്ങൾ തടയാൻ ശക്തമായ നിയമനിർമ്മാണം നടപ്പാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
വിമാനത്താവളത്തിന് സമാനമായ സുരക്ഷാ സംവിധാനം ആശുപത്രികളിലും ഒരുക്കുക, പ്രദേശത്തെ സേഫ് സോണായി പ്രഖ്യാപിക്കുക, റസിഡന്റ് ഡോക്ടർമാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഉന്നയിച്ചിരിക്കുന്നത്. കേസിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും, കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കൊല്ലപ്പെട്ട വിദ്യാർത്ഥിനി അതിന് മുൻപായി 36 മണിക്കൂർ തുടർച്ചയായി ജോലി ചെയ്തിരുന്നുവെന്നും, എന്നിട്ടും വിശ്രമിക്കാനോ സുരക്ഷിതമായി തുടരാനോ അവർക്ക് സാധിച്ചിരുന്നില്ലെന്നുമുള്ളത് ഓരോ ഡോക്ടർമാരുടേയും തൊഴിൽ സാഹചര്യത്തെ വ്യക്തമാക്കുന്നതാണെന്ന് ഐഎംഎ ആരോപിക്കുന്നു.
അതേസമയം കേസിലെ പ്രതി സഞ്ജയ് റോയിക്ക് സൈക്കോ അനാലിസിസ് പരിശോധന നടത്തുമെന്ന് സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനായി ഡൽഹി സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള സൈക്കോളജിക്കൽ, ബിഹേവിയറൽ അനലിസ്റ്റുകളുടെ സംഘം കൊൽക്കത്തയിൽ എത്തും. സംസ്ഥാനത്ത് മമത ബാനർജിക്കെതിരെയും പ്രതിഷേധം കടുക്കുകയാണ്.
സമരത്തിനിറങ്ങിയതിന്റെ പേരിൽ 42 ഡോക്ടർമാരെ സ്ഥലംമാറ്റിയ ഉത്തരവ് ബംഗാൾ സർക്കാർ മരവിപ്പിച്ചിട്ടുണ്ട്. സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നീക്കം. കൊൽക്കത്തയിൽ ശനിയാഴ്ച രാത്രിയും മെഡിക്കൽ വിദ്യാർത്ഥികളുടെ സമരം തുടരുകയാണ്. കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ഉറപ്പാക്കും വരെ പ്രതിഷേധം തുടരുമെന്നാണ് ഇവർ പറയുന്നത്.















