ലക്‌നൗ: പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടി മടങ്ങിയെത്തിയ താരങ്ങളെ ആദരിച്ച് യുപി സർക്കാർ. യുപിയിൽ നിന്നുളള ലളിത് ഉപാദ്ധ്യായ്, രാജ്കുമാർ പാൽ എന്നിവരെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ആദരിച്ചത്.
ഗാസിപൂരിൽ ശനിയാഴ്ചയാണ് താരങ്ങളെ ആദരിച്ചത്. ഇരുവരുടെയും കുടുംബാംഗങ്ങളെ ഉൾപ്പെടെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. നമ്മുടെ ഹോക്കി പ്രതാപം വീണ്ടെടുക്കാൻ പാരിസ് ഒളിമ്പിക്‌സിലൂടെ അതുല്യമായ സംഭാവനയാണ് കളിക്കാർ നൽകിയതെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
കായിക മേഖലയ്‌ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് യോഗി ആദിത്യനാഥ് ഓർമ്മിപ്പിച്ചു. ഒളിമ്പിക്‌സ് ആയാലും കോമൺവെൽത്ത് ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ് സാഫ് ഗെയിംസ് അങ്ങനെ ഏത് കായിക മാമാങ്കം ആയാലും മത്സരിക്കുകയും മെഡൽ നേടുകയും ചെയ്യുന്ന യുപിയിലെ താരങ്ങൾക്ക് സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ പുരസ്‌കാരങ്ങൾ നൽകാറുണ്ടെന്ന് യോഗി ചൂണ്ടിക്കാട്ടി.
കായിക താരങ്ങൾക്ക് ജോലിക്കുളള അവസരവും സർക്കാർ ഒരുക്കുന്നുണ്ട്. 500 കായിക താരങ്ങൾക്ക് പൊലീസിലും മറ്റ് ഡിപ്പാർട്ട്‌മെന്റുകളിലുമായി നിയമനക്കത്ത് നൽകിക്കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഒളിമ്പിക് മെഡൽ നേടിയ രാജ്കുമാർ പാലിന് നേരിട്ട് ഡെപ്യൂട്ടി സൂപ്രണ്ടായി പൊലീസിൽ നിയമനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലമതിക്കാനാകാത്ത പ്രഖ്യാപനമെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളോട് രാജ്കുമാർ പാൽ പ്രതികരിച്ചത്. ഒളിമ്പിക്‌സിലെ പ്രകടനത്തിന് ഇരുവർക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ വീതം ചടങ്ങിൽ കൈമാറുകയും ചെയ്തു.
സ്‌പെയിനിനെ തോൽപിച്ചാണ് ഹർമൻപ്രീത് സിംഗിന്റെ നേതൃത്വത്തിലുളള ഇന്ത്യൻ ഹോക്കി ടീം രാജ്യത്തിനായി വെങ്കല മെഡൽ നേടിയത്. 52 വർഷത്തിന് ശേഷമാണ് തുടർച്ചയായ രണ്ട് ഒളിമ്പിക്‌സുകളിലും രാജ്യം ഹോക്കിയിൽ മെഡൽ നേടുന്നത്. ടോക്കിയോ ഒളിമ്പിക്‌സിലും വെങ്കല മെഡൽ ഇന്ത്യയ്‌ക്കായിരുന്നു. അഞ്ച് വെങ്കല മെഡലുകളും ഒരു വെളളിയുമാണ് പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യ നേടിയത്.















