മലയാള സിനിമയിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴ് വീണ്ടും തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഫാസിൽ സംവിധാനം ചെയ്ത ചിത്രം 31 വർഷങ്ങൾക്ക് ശേഷം റീ-റിലീസ് ചെയ്തപ്പോൾ ആവേശത്തിലാണ് ഓരോ സിനിമാപ്രേമികളും.
1993 ഡിസംബറിലെ ഒരു മഞ്ഞുകാലത്തായിരുന്നു മാടമ്പള്ളിയിലെ മനോരോഗിയെ ഡോക്ടർ സണ്ണി മണിച്ചിത്രത്താഴിട്ട് പൂട്ടിയത്. അന്ന 26 തീയേറ്ററുകളിലാണ് എത്തിയിരുന്നതെങ്കിൽ ഇന്ന് നൂറിലധികം തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ചിത്രം.
മോഹൻലാലും ശോഭനയും സുരേഷ് ഗോപിയും നെടുമുടി വേണുവുമൊക്കെ തകർത്തഭിനയിച്ച സിനിമയിലെ ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സുപരിചതമാണ്. സിനിമയിലെ സംഭാഷണങ്ങൾ പോലും മലയാളികൾക്ക് മനഃപാഠമാണെന്നതാണ് വാസ്തവം. എത്രകണ്ടാലും മതിവരാത്ത മാജിക് ആയിരുന്നു മണിച്ചിത്രത്താഴിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്..
പുത്തൻ ദൃശ്യമികവിൽ ചിത്രം വീണ്ടുമെത്തിയതോടെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയും സജീവമാണ്. ഇന്നത്തെ കാലത്ത് സിനിമാ റിവ്യൂ നടത്തുന്നവരെ ട്രോളിക്കൊണ്ടാണ് പല പോസ്റ്റുകളും നിറയുന്നത്. എത്ര നല്ല സിനിമ റിലീസ് ചെയ്താലും അതിൽ എന്തെങ്കിലുമൊരു കുറ്റം കണ്ടുപിടിച്ച് സിനിമയെ ഇകഴ്‌ത്തി കാണിക്കുന്ന ചില റിവ്യൂവേഴ്സിനെയാണ് പ്രേക്ഷകർ ട്രോളുന്നത്. മണിച്ചിത്രത്താഴ് ആദ്യമായി റിലീസ് ചെയ്യുന്നത് ഇപ്പോഴായിരുന്നുവെങ്കിൽ പ്രമുഖ റിവ്യൂവേഴ്സ് പോസ്റ്റ് ചെയ്യാൻ സാധ്യതയുള്ള ചില കുറിപ്പുകളും അഭിപ്രായങ്ങളുമാണ് ട്രോൾ രൂപത്തിൽ എത്തുന്നത്.
നാഗവല്ലി അത്ര പോരാ, സിനിമ ഒടിടിയിൽ റിലീസ് ചെയ്യാനുള്ളതേ ഉണ്ടായിരുന്നുള്ളൂ, സണ്ണി – ശ്രീദേവി സീനുകളിലെ സംഭാഷണങ്ങൾ പൊളിറ്റിക്കലി ഇൻകറക്ട് ആയിരുന്നു, കുറെ ലോജിക്കൽ എറർ വരുത്തിയിട്ടുണ്ട്, ക്ലൈമാക്സ് രംഗങ്ങൾ കൺവിൻസിംഗ് അല്ല, നകുലന്റെ ബൊമ്മയെ തിരിച്ചറിയാത്ത നാഗവല്ലിയുടെ സിക്സ്ത്ത് സെൻസ് മോശം, മൈ റേറ്റിംഗ് 3.5, എന്ന് തുടങ്ങി നിരവധി ട്രോളുകളാണ് റിവ്യൂ ചെയ്യുന്നവരെ പരിഹസിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്.
മൂന്ന് ദശാബ്ദങ്ങൾക്കിപ്പുറവും സിനിമാപ്രേമികളെ വിസ്മയിപ്പിക്കാൻ കഴിയുന്ന അപൂർവ്വം മലയാള ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴെന്ന് നിരൂപകർ വിശേഷിപ്പിക്കുന്നു.