റായ്‌പൂർ: തന്റെ മുന്നിൽ കളിപ്പാട്ടത്തിനായി അടികൂടിയ 8 വയസുകാരി മകളെ അടിച്ചുകൊന്ന് പിതാവ്. മർദ്ദനത്തിൽ 9 വയസുകാരി സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റു. ഛത്തീസ്ഗഡിലെ ചമ്പയിലാണ് സംഭവം. സഹോദരിമാരിൽ ഒരാളായ അലീഷ പർവീണാണ് കൊല്ലപ്പെട്ടത്. പിതാവ് സൽമാൻ അലിയെ (35 ) പൊലീസ് കസ്റ്റഡിയിലെടുത്തു.
സഹോദരിമാരായ അലീഷാ പർവീണും അലീന പർവീണും (9) കളിപ്പാട്ടത്തെച്ചൊല്ലി രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിതാവ് സൽമാൻ അലിയുടെ മുന്നിൽ വച്ചാണ് പെണ്മക്കൾ അടികൂടിയത്. ഇത്കണ്ട് രോഷം പൂണ്ട പിതാവ് രണ്ടുപേരെയും പൊതിരെ തല്ലുകയായിരുന്നു. ഇയാൾ മക്കളെ ബെൽറ്റുകൊണ്ട് അടിക്കുകയും തൊഴിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്ന് അയൽവാസികൾ പറഞ്ഞു. ഇവർ കുട്ടികളുടെ നിലവിളികേട്ട് രക്ഷിക്കാനെത്തിയെങ്കിലും ഇയാൾ മർദ്ദനം തുടരുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ 8 വയസുകാരി അലീഷ മരണപ്പെടുകയായിരുന്നു. മൂത്ത സഹോദരിയുടെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രി അധികൃതരും അയൽവാസികളും വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി പിതാവിനെ കസ്റ്റഡിയിലെടുത്തു. മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വിട്ടുനൽകി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.