ഉന്നത നടന്മാർക്കും സംവിധായകർക്കും നിർമാതാക്കൾക്കും വേണ്ടി സ്ത്രീകളെ ചൂഷണം ചെയ്യാൻ എത്തിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളർമാരാണെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ട്. വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകുന്നവർക്കും ചൂഷണം ചെയ്യുന്നവർക്കും ഇടയിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളർമാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ലൊക്കേഷനിൽ പോകുമ്പോൾ വീട്ടുകാരെ ഒപ്പം കൊണ്ടുപോകേണ്ട സാഹചര്യമാണുള്ളത്. നടിമാരുടെ വാതിലിൽ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കിൽ വാതിലിൽ ശക്തിയായി ഇടിക്കും. വാതിൽ തകർത്ത് അകത്ത് വരുമോയെന്ന് ഭയം തോന്നിയിട്ടുണ്ടെന്നും നടിമാർ വെളിപ്പെടുത്തി.
പലരും പരാതി പറയാത്തത് ജീവഭയം കൊണ്ടാണെന്നും എതിർക്കുന്നവർക്ക് നേരെ സൈബർ ആക്രമണങ്ങൾ വരെ സംഭവിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്മിറ്റിക്ക് മുൻപിൽ ചില നടിമാർ മൊഴി നൽകിയത് പോലും പ്രാണഭയത്തോടെയാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ടതല്ല. റിപ്പോർട്ട് ചെയ്ത ഏക സംഭവമാണത്. പേടി കൊണ്ട് റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ അനവധി സംഭവങ്ങളുണ്ടെന്നാണ് റിപ്പോർട്ടിൽ നടിമാർ നൽകിയിരിക്കുന്ന മൊഴികൾ.
ജൂനിയർ ആർട്ടിസ്റ്റുകളെയും ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്. ഇതിനായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് പോലും നീക്കങ്ങൾ നടക്കുന്നുണ്ട്. ചില സ്ത്രീകൾക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലും ലഭിക്കാറില്ല. ശുചിമുറി ഉപയോഗിക്കാൻ പറ്റാതെ വരുമ്പോൾ വെള്ളം കുടിക്കാതെ ഇരിക്കാറുണ്ട്. അതുമല്ലെങ്കിൽ തുണിമറ ഉപയോഗിച്ച് കാര്യം സാധിക്കും. വനിതാ പ്രൊഡ്യൂസർമാരും തൊഴിലിടത്ത് അപമാനിക്കപ്പെടുന്നതായും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.