ശ്രീനഗർ: ജമ്മുകശ്മീരിലെ ഉധംപൂരിൽ പട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ഇൻസ്പെക്ടർക്ക് വീരമൃത്യു. ബസന്ത്ഗഡിലെ ദുഡു മേഖലയിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സിആർപിഎഫിന്റെയും ലോക്കൽ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെയും (SOG) സംയുക്ത സംഘത്തിനുനേരെയാണ് ഭീകരർ വെടിയുതിർത്തത്.
വെടിവയ്പ്പിൽ 187-ാം ബറ്റാലിയനിലെ ഒരു സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് പരിക്കേറ്റു. ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സൈനികൻ മരണത്തിന് കീഴടങ്ങിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ശക്തമായ തിരിച്ചടി നേരിട്ടതോടെ ഭീകരർ പ്രദേശത്ത് നിന്നും പിൻവാങ്ങി. കൂടുതൽ സേനയെ സംഭവസ്ഥലത്ത് വിന്യസിച്ചതായും തീവ്രവാദികൾക്കായി പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശമായതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഉധംപൂരിലെ ആക്രമണം.