കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി സഞ്ജയ് റോയിക്കെതിരെ ഭാര്യാമാതാവ് ദുർഗാദേവി. സഞ്ജയ് റോയിക്ക് ഇത് ഒറ്റയ്‌ക്ക് ചെയ്യാൻ സാധിക്കില്ലെന്നും, അയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും ദുർഗാദേവി പറയുന്നു. സഞ്ജയിൽ നിന്ന് തന്റെ മകൾക്കും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, മകളെ മർദ്ദിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ദുർഗാദേവി പറയുന്നു.
” സഞ്ജയുമായിട്ടുള്ള മകളുടെ വിവാഹബന്ധം വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യത്തെ ആറ് മാസം വലിയ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായില്ല. ഇതിനിടെ മകൾ ഗർഭിണിയായി. മൂന്ന് മാസമായപ്പോൾ സഞ്ജയ്, മകളെ വല്ലാതെ മർദ്ദിച്ചു. അതോടെ ഗർഭം അലസി. ഈ സംഭവത്തിന് പിന്നാലെ അവനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം മകൾക്ക് അസുഖങ്ങൾ വരുന്നത് പതിവായി. മകളുടെ എല്ലാ ചെലവുകളും ഒറ്റയ്‌ക്ക് തന്നെയാണ് നോക്കിയത്.
സഞ്ജയ് ഒരു നല്ല വ്യക്തിയല്ല. അവനെ തൂക്കിക്കൊന്നോളൂ, അല്ലെങ്കിൽ നിയമം അനുശാസിക്കുന്ന മറ്റേതെങ്കിലും ശിക്ഷ കൊടുത്തോളൂ. ഇപ്പോൾ ഉണ്ടായ സംഭവത്തെക്കുറിച്ച് അധികം സംസാരിക്കാനില്ല. അവന് അത് ഒറ്റയ്‌ക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും” ദുർഗാദേവി പറയുന്നു. സഞ്ജയ് ഖോയിക്ക് നുണ പരിശോധന നടത്തുന്നതിനുള്ള അനുമതി ലഭിച്ചതായി സിബിഐ അറിയിച്ചിട്ടുണ്ട്. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇപ്പോഴും പ്രതിഷേധ സമരങ്ങൾ നടക്കുകയാണ്. കൊൽക്കത്ത കേസിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസിൽ ഇന്ന് വാദം കേൾക്കാനിരിക്കുകയാണ്.
അതേസമയം 2021 മുതൽ ആർജി കാർ മെഡിക്കൽ കോളേജിൽ വ്യാപക സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ബംഗാൾ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. എല്ലാ സർക്കാർ വകുപ്പുകളിൽ നിന്നും ബന്ധപ്പെട്ട രേഖകൾ അതിവേഗം കൈപ്പറ്റാൻ അന്വേഷണ സംഘത്തിന് അനുമതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ഒരു മാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.















