ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ട യുഎന്നിന്റെ റിപ്പോർട്ടറെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി താലിബാൻ. യുഎൻ സ്പെഷ്യൽ റിപ്പോർട്ടറായ റിച്ചാർഡ് ബെന്നറ്റിനാണ് അഫ്ഗാനിസ്ഥാനിൽ തിരികെ എത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. അദ്ദേഹത്തെ ഈ വിവരം അറിയിച്ചതായും താലിബാൻ വക്താവ് അറിയിച്ചു.
2021 ഓഗസ്റ്റിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം രാജ്യത്ത് കടുത്ത നിയമങ്ങളാണ് താലിബാൻ നടപ്പിലാക്കി വരുന്നത്. പെൺകുട്ടികൾ വിദ്യാഭ്യാസം നിഷേധിച്ചതും, തൊഴിലിടങ്ങളിൽ വിലക്കിയതുമെല്ലാം അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചകളായിരുന്നു. പൊതുഇടങ്ങൾ, പാർക്കുകൾ, ജിമ്മുകൾ എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തി. ബന്ധുവായ പുരുഷനോടൊപ്പം യാത്ര ചെയ്യുന്നതിനുൾപ്പെടെ വിലക്കുകൾ ഉണ്ടായിരുന്നു. താലിബാന്റെ ഇത്തരം നിലപാടുകൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്.
എന്നാൽ ഇപ്പോൾ ബെന്നറ്റിന് മേൽ ഏർപ്പെടുത്തിയ വിലക്ക് റിപ്പോർട്ടിങ്ങിന്റെ പേരിലല്ലെന്നും, വ്യക്തിപരമായ ചില പ്രശ്നങ്ങളുടെ പേരിലാണെന്നുമാണ് താലിബാൻ അറിയിച്ചിരിക്കുന്നത്. ചില പ്രത്യേക അജണ്ടകളുടെ ഭാഗമായിട്ടാണ് ബെന്നറ്റിനെ അഫ്ഗാനിസ്ഥാനിൽ നിയമിച്ചതെന്നും, വിശ്വസിക്കാൻ കഴിയാത്ത ആളായതിനാലാണ് വിലക്കിയതെന്നും താലിബാൻ ഗവൺമെന്റ് ചീഫ് സബിഹുള്ള മുജാഹിദ് പറയുന്നു. ചെറിയ വിഷയങ്ങൾ ബെന്നറ്റ് പെരുപ്പിച്ച് കാട്ടിയതായും സബിഹുള്ള ആരോപിച്ചു.
അഫ്ഗാനിൽ സ്ത്രീകൾ നേരിടുന്ന പല പ്രശ്നങ്ങളും ബെന്നറ്റ് അന്താരാഷ്ട്ര തലത്തിൽ തുറന്ന് കാണിച്ചിരുന്നു. കഴിഞ്ഞ ആഴ്ച താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിന്റെ മൂന്നാം വാർഷികത്തിൽ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ബെന്നറ്റ് ഉൾപ്പെടുന്ന 29 യുഎൻ വിദഗ്ധർ പ്രതികരിച്ചിരുന്നു. ജൂണ് അവസാനം ഖത്തറിൽ യുഎൻ ആതിഥയത്വം വഹിച്ച ചടങ്ങിൽ നിന്നും അഫ്ഗാൻ സ്ത്രീകളെ ഒഴിവാക്കാനുള്ള തീരുമാനത്തേയും അദ്ദേഹം അപലപിച്ചിരുന്നു.















