ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതികൾക്ക് കളിയിക്കാവിള എഎസ്ഐ വിൽസന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് എൻഐഎ. പ്രധാന പ്രതികളായ മുസാവീർ ഹുസൈൻ ഷസീബ്, അബ്ദുൾ മത്താ താഹ എന്നിവർക്കാണ് കളിയിക്കാവിള കേസുമായി ബന്ധമുള്ളതെന്ന് എൻഐഎ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ വ്യക്തമാക്കി. കളിയിക്കാവിള കേസിലെ പ്രതികൾക്ക് ഒളിത്താവളം അടക്കം ഒരുക്കി നൽകിയത് ഇവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ശിവമൊഗ തീർത്ഥഹള്ളി സ്വദേശികളായ ഇരുവരേയും കളിയിക്കാവിള കേസിലെ അനുബന്ധ കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്.
കളിയിക്കാവിള കേസിലെ മുഖ്യപ്രതികളായ തൗഫീക്കിനെയും അബ്ദുൾ ഷമീമും ഉഡുപ്പിയിൽ നിന്നാണ് അറസ്റ്റിലായത്. നിരോധിത ഭീകരസംഘടനയായ അൽ ഉമ്മയുടെ പുതിയ രൂപയായ തമിഴ്നാട് നാഷണൽ ലീഗിന് കേസുമായി ബന്ധമുണ്ടെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി. തീവ്രവാദ സംഘത്തിൽ 17 പേരാണ് ഉള്ളതെന്നും ഇതിൽ മൂന്ന് പേർ ചാവേർ പരിശീലനം ലഭിച്ചവരാണെന്ന വിവരവും പുറത്ത് വന്നിരുന്നു.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽഹിന്ദ് ട്രസ്റ്റുമായി ബന്ധപ്പെട്ട് നിരവധി ഗുരുതര വെളിപ്പെടുത്തലാണ് കുറ്റപത്രത്തിലുള്ളത്. അൽ ഉമ്മയുടെ പഴയ പ്രവർത്തകർ ട്രസ്റ്റിന്റെ ഭാഗമാണ്. ഇവർ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാമുദായിക സംഘർഷം ഉണ്ടാക്കാൻ ശ്രമം നടത്തി. കൊയമ്പത്തൂരിലെ ഹിന്ദു മുന്നണി നേതാവ് സുരേഷ് കുമാർ വെടിയേറ്റ് മരിച്ച കേസിലും കളിയിക്കാവിള കേസിലും ട്രസ്റ്റിന് പങ്കുണ്ട്.
2020 ജനുവരിയിലാണ് കളിയിക്കാവിള എഎസ്ഐയായ വിൽസൻ വെടിയേറ്റ് മരിച്ചത്.
സംസ്ഥാന അതിർത്തിയിൽ കളിയിക്കാവിള മുസ്ലീം പള്ളിക്ക് സമീപമുള്ള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിക്ക് നിന്ന വിൽസനെ വെടിവെച്ചും വെട്ടിയും നിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത്. ആദ്യം തമിഴ്നാട് പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് ഭീകരവാദബന്ധം കണ്ടെത്തിയതിനെ തുടർന്ന് കേസ് എൻഐഎ ഏറ്റെടുത്തു. ബെംഗളൂരു രാമേശ്വരം കഫേയിൽ 2024 മാർച്ച് ഒന്നിനായിരുന്ന സ്ഫോടനം നടന്നത്.