ന്യൂഡൽഹി: ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ആവശ്യവുമായി ബിഎൻപി. ബംഗ്ലാദേശിൽ കലാപം രൂക്ഷമായതിന് പിന്നാലെ അവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഇതിന് ശേഷം ഷെയ്ഖ് ഹസീനയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ വിചാരണ നേരിടുന്നതിനായി ബംഗ്ലാദേശിന് കൈമാറണമെന്നാണ് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിഎൻപി ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമപരമായ മാർഗത്തിലൂടെ ഷെയ്ഖ് ഹസീനയെ കൈമാറണമെന്നും, ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യണമെന്നാണ് ജനങ്ങൾ വിധി പറഞ്ഞിരിക്കുന്നതെന്നും ബിഎൻപി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്ലാം ആലംഗീർ പറഞ്ഞു. ബംഗ്ലാദേശിൽ നടന്ന വിപ്ലവത്തെ പരാജയപ്പെടുത്താൻ ഷെയ്ഖ് ഹസീന ശ്രമിച്ചുവെന്നും, ഹസീനയുടെ 15 വർഷത്തെ ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തേയും വികസനത്തേയും തടസ്സപ്പെടുത്തിയെന്നും മിർസ ഫക്രുൽ അവകാശപ്പെടുന്നു. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉടമ്പടി കരാറിന്റെ അടിസ്ഥാനത്തിൽ കോടതി നടപടികളിൽ ഉൾപ്പെട്ട ആളെ കൈമാറാൻ വ്യവസ്ഥയുണ്ടെന്നും മിർസ പറയുന്നു.
വിദ്യാർത്ഥികളും രാജ്യത്തെ ജനങ്ങളും നേടിയ വിജയത്തെ മോശമാക്കി കാണിക്കാൻ ഷെയ്ഖ് ഹസീന ഡൽഹിയിലിരുന്ന് ഗൂഢാലോചന നടത്തുകയാണെന്നാണ് ബിഎൻപിയുടെ വാദം. അതേസമയം വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ച ശേഷം ബിഎൻപി ചെയർപേഴ്‌സണും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. 17 വർഷത്തോളമായി ഈ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു.