ന്യൂഡൽഹി: മനുഷ്യജീവന് ഏറ്റവും വലിയ ഭീഷണിയായ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ എല്ലാ രാജ്യങ്ങളും കൂട്ടായ പരിശ്രമം നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. മാറിവരുന്ന കാലാവസ്ഥാ വ്യതിയാനത്തിലൂടെയാണ് രാജ്യങ്ങൾ കടന്നുപോകുന്നത്. ഇത് ചെറുത്തു തോൽപ്പിക്കാൻ കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന 19-ാമത് സിഐഐ ഇന്ത്യ- ആഫ്രിക്ക ബിസിനസ് കോൺക്ലേവിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” സമകാലീന പ്രസക്തമായ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും പൊതു ജനങ്ങളുടെ ഭാവി സുക്ഷിതമാക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യേണ്ടതാണ്. ഓരോ രാജ്യങ്ങളുടെയും പരിശ്രമങ്ങളെ സമന്വയിപ്പിക്കാനുള്ള അവസരമാണ് കോൺക്ലേവിലൂടെ ലഭിക്കുന്നത്. അതിനായി ഒരുമിച്ച് പരിശ്രമിക്കാം”.- ജഗ്ദീപ് ധൻകർ പറഞ്ഞു.
വസുധൈവ കുടുംബകം എന്ന ജി20 ഉച്ചകോടിയുടെ ആശയത്തിൽ ഊന്നൽ നൽകികൊണ്ട് ‘ ഒരു ഭാവി സൃഷ്ടിക്കുക’ എന്നതാണ് കോൺക്ലേവിന്റെ മുഖ്യ പ്രമേയം. ജി20 ഉച്ചകോടിയിൽ ആഫ്രിക്കയ്‌ക്ക് സ്ഥിരാംഗത്വം നൽകിയതിൽ സന്തോഷമുണ്ടെന്നും ഇന്ത്യ- ആഫ്രിക്ക ബന്ധം എക്കാലവും ദൃഢതയോടെ നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.















