കേന്ദ്രമന്ത്രി കസേര താൻ ഒരിക്കലും ആഗ്രഹിച്ചതല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു ചോദ്യത്തിന് മുൻപിലാണ് കേന്ദ്രമന്ത്രി പദവി താൻ ഏറ്റെടുത്തതെന്നും തനിക്കല്ല, തന്നെ ജയിപ്പിച്ച് അയച്ച കേരള ജനതയ്‌ക്ക് ബിജെപി നൽകിയ സമ്മാനമാണ് ഈ കേന്ദ്രമന്ത്രി പദവിയെന്നും സുരേഷ് ഗോപി പറഞ്ഞു. ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച സ്നേഹാദരവിൽ നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“തൃശൂർകാർക്കാണ് എന്നെ കൂടുതൽ കിട്ടാത്തത്. അതിൽ കൂടുതൽ തവണ തമിഴ്നാടിനും ആന്ധ്രാപ്രദേശിനും എന്തിന് ത്രിപുരയ്‌ക്കും വരെ എന്നെ കിട്ടി. കേന്ദ്രമന്ത്രി സ്ഥാനം ഞാൻ മോഹിച്ചിട്ടില്ല. ഒറ്റ ചോദ്യത്തിന് മുന്നിലാണ് ഞാൻ മുട്ടുകുത്തിയത്. കേരളത്തിലെ സിനിമാ ചരിത്രത്തിലെയും രാഷ്‌ട്രീയ ചരിത്രത്തിലെയും ആദ്യത്തെ സംഭവമാണിത്. നിങ്ങൾ ജയിച്ചു വന്നത് നിങ്ങളെ ജയിപ്പിച്ചു വിട്ട ഒരു സമൂഹത്തിന്റെ ദൃഢ നിശ്ചയം ആണെന്ന് എന്റെ നേതാക്കൾ എന്നോട് പറഞ്ഞു”.
“നിങ്ങളെ ജയിപ്പിച്ചു വിട്ട സമൂഹത്തിന് വ്യക്തമായ രാഷ്‌ട്രീയ പ്രബുദ്ധതയുണ്ട്, നിലപാടുണ്ട്. നിങ്ങളെ അവർ ഇങ്ങോട്ട് അയച്ചെങ്കിൽ, കേരള ജനതയ്‌ക്ക് ഞങ്ങളുടെ രാഷ്‌ട്രീയത്തിന് ഒരു നന്ദിക്കുറിപ്പ് എഴുതാനുണ്ട്, ഒരു സമ്മാനം നൽകാൻ ഉണ്ട്. അതാണ് ഈ കസേര, അല്ലാതെ നിങ്ങൾക്ക് തന്നതല്ല എന്ന് പറഞ്ഞ ഇടത്ത് എനിക്ക് വഴങ്ങേണ്ടി വന്നു. രണ്ടാമത് ഡൽഹിയിലേക്ക് കൊണ്ടുവന്ന് എന്നോട് പറഞ്ഞത് ഇതാണ്. ഞാൻ ഇപ്പോഴും അനുസരിക്കും, എന്നും എന്റെ നേതാക്കളെ അനുസരിക്കും”-സുരേഷ് ഗോപി പറഞ്ഞു.