എറണാകുളം: കൊച്ചിയിലെ തീരദേശ മേഖലകളിൽ കടലേറ്റം രൂക്ഷം. ഫോർട്ട് കൊച്ചിയിലും വൈപ്പിൻ എടവനക്കാടുമാണ് കടലേറ്റം രൂക്ഷമാകുന്നത്. ഉച്ച മുതലാണ് കടലേറ്റം ഉണ്ടാകാൻ തുടങ്ങിയത്. കടലോര പ്രദേശങ്ങളിലുള്ള വീടുകളിൽ വെള്ളം ഇരച്ചുകയറി. റോഡുകളിലും വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം തടസപ്പെട്ടു.
പ്രദേശത്ത് മഴ ഉണ്ടായിരുന്നില്ല. ശക്തമായി വീശിയടിച്ച തെക്കൻ കാറ്റാണ് കടലേറ്റത്തിന് കാരണമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒമ്പത് വീടുകളിലാണ് വെള്ളം കയറിയത്. സർക്കാർ കണ്ടിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പ്രതികരിച്ചു.
പ്രദേശത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ട അവസ്ഥയാണ്. എന്നാൽ ആരും ഇവിടെ നിന്ന് മാറി താമസിക്കാൻ തയ്യാറല്ലെന്ന് വാർഡ് മെമ്പർ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ എപ്പോഴും ചെയ്യുന്നത് പോലെ പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റും. ഇത് മാറുമ്പോൾ വീണ്ടും അവർ ഇവിടേക്ക് തന്നെയാണ് വരേണ്ടത്. ആ സമയത്ത് അവരുടെ വീടുകൾ തകർന്ന അവസ്ഥയിലാണ്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും ഇതിനൊരു പരിഹാരം ഉണ്ടായിട്ടില്ലെന്ന് മെമ്പർ പറഞ്ഞു.
200-ലധികം കുടുംബങ്ങളെയാണ് കടലേറ്റം ബാധിച്ചിരിക്കുന്നത്. നിരവധി പ്രതിഷേധങ്ങൾ ഉണ്ടായിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഒരു ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.















