തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുമായി ചർച്ച നടത്താൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ തയ്യാറാണെങ്കിൽ താൻ കൊണ്ടുപോകാമെന്ന് ശോഭാ സുരേന്ദ്രൻ. എന്നാൽ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കപ്പെട്ട ഭാഗങ്ങൾ കൂടി കൂട്ടിച്ചേർത്തുവേണം ഈ ചർച്ചയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. അതിന് ധൈര്യമുളള ഏതെങ്കിലും മന്ത്രിമാർ കേരളത്തിലുണ്ടോയെന്നും ശോഭ സുരേന്ദ്രൻ വെല്ലുവിളിച്ചു
” ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും ഒഴിവാക്കപ്പെട്ട ഭാഗങ്ങൾ ഉൾക്കൊള്ളിച്ച് സുരേഷ് ഗോപി ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരായി ചർച്ച ചെയ്യാൻ സംസ്ഥാനത്തെ ഏതെങ്കിലും മന്ത്രിമാർക്ക് ധൈര്യമുണ്ടോ? ഈ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ അവർക്ക് ധൈര്യമില്ല. കുറ്റം ചെയ്തവർക്കെതിരെ നടപടി എടുക്കാൻ എന്തിനാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത്. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രിയും തയ്യാറാവുമെങ്കിൽ കേന്ദ്രമന്ത്രി എന്ന നിലയിൽ സുരേഷ് ഗോപി നടപടി സ്വീകരിക്കാൻ തയ്യാറാകും. എന്നാൽ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ആരെയൊക്കെയോ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്”.- ശോഭാ സുരേന്ദ്രൻ പറഞ്ഞു.
വീണാ വിജയനാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായതെങ്കിൽ മുഖ്യമന്ത്രി പ്രതികരിക്കില്ലേ? എന്തിനാണ് കേരളത്തിനൊരു മുഖ്യമന്ത്രിയും, ആഭ്യന്തര മന്ത്രിയും, സാംസ്‌കാരിക വകുപ്പ് മന്ത്രിയുമെന്നും അവർ ചോദിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി സുരേഷ് ഗോപി അല്ല. അതിനാൽ തന്നെ സംഭവത്തിൽ പ്രതികരിക്കേണ്ടതും നടപടി സ്വീകരിക്കേണ്ടതും പിണറായി വിജയനാണെന്നും ശോഭാ സുരേന്ദ്രൻ തുറന്നടിച്ചു.
പൊതുപ്രവർത്തകരായ എല്ലാ സ്ത്രീകളെയും ഒന്നിച്ചിരുത്തി സജിചെറിയാൻ ഹേമാ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യണം. സുരേഷ് ഗോപിക്ക് മുമ്പാകെ വിഷയം ചർച്ച ചെയ്യാനുള്ള നട്ടെല്ല് കേരളത്തിലെ ഏതെങ്കിലും മന്ത്രിമാർക്കുണ്ടോയെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. വിഷയം സുരേഷ് ഗോപിക്ക് മുമ്പാകെ അവതിരിപ്പിച്ചാൽ കേന്ദ്രമന്ത്രി എന്ന നിലയിലും സമൂഹത്തെ സേവിക്കുന്ന പ്രവർത്തകൻ എന്ന നിലയിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും തന്റേടമായ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.















