മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയുമായി എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരമാവധി ഭാരം 30 കിലോയിൽ നിന്ന് 20 ആയി കുറച്ചു. നിലവിൽ ജിസിസി രാജ്യങ്ങളിൽ സൗജന്യ ബാഗേജിന്റെ ഭാരനിയന്ത്രണം ഏർപ്പെടുത്തിയിയിരിക്കുന്നത് യുഎഇയിൽ മാത്രമാണെന്നാണ് റിപ്പോർട്ട്.
യാത്രക്കാർക്ക് ഇനി 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് എയർ ഇന്ച്യ എക്സ്പ്രസിൽ കൊണ്ടുപോകാനാവുക. ഓഗസ്റ്റ് 19 ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ പഴയത് പോലെ 30 കിലോ ലഗേജ് തന്നെ കൊണ്ടുപോകാമെന്നും യാത്രക്ക് മുൻപ് എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതരുമായി ഇത് പരിശോധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
സൗജന്യ ബാഗേജ് കൂടാതെ, പണം നൽകിയാൽ ഒരാൾക്ക് 15 കിലോ കൂടി അനുവദിക്കും. ഇതോടെ ഒരാൾക്ക് പരമാവധി കൊണ്ടുവരാവുന്ന ലഗേജ് 35 കിലോ ആയി. യുഎഇയിൽ നിന്ന് കേരളത്തിലേക്ക് കൊച്ചിയിലേക്ക് മാത്രമാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്. ബാക്കിയുള്ള വിമാനത്താവളങ്ങളിലേക്ക് പറക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസാണ്. അതുകൊണ്ടു തന്നെ ലഗേജിന്‍റെ ഭാരം കുറച്ച നടപടി യുഎഇയിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും.