വാർസോ: യുക്രെയ്ൻ യുദ്ധ സമയത്ത് അവിടെ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ സഹായിച്ചതിന് പോളണ്ട് അധികൃതരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ വിദ്യാർത്ഥികൾക്കുളള വിസ നിയന്ത്രണം ഉൾപ്പെടെ പോളണ്ട് നീക്കിയിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ഞങ്ങളുടെ വിദ്യാർത്ഥികൾക്കായി പോളണ്ട് അവരുടെ വാതിൽ തുറന്നു. 140 കോടി ഇന്ത്യക്കാർക്ക് വേണ്ടി ഇന്ന് ഞാൻ പോളണ്ടിനെ സല്യൂട്ട് ചെയ്യുന്നുവെന്നും നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വാർസോവിൽ ഇന്ത്യൻ സമൂഹത്തോട് സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയും പോളണ്ടുമായുളള നയതന്ത്ര ബന്ധത്തിന്റെ 70 ാം വാർഷികവുമായി ബന്ധപ്പെട്ടായിരുന്നു ചടങ്ങ്.
സഹാനുഭൂതിയാണ് ഇന്ത്യക്കാരുടെ ഏറ്റവും വലിയ വ്യക്തിത്വമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏത് രാജ്യത്തും പ്രശ്‌നങ്ങൾ ഉണ്ടായാൽ ആദ്യം സഹായത്തിനെത്തുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. കോവിഡ് വ്യാപിച്ചപ്പോൾ മനുഷ്യത്വമാണ് ആദ്യമെന്നായിരുന്നു ഇന്ത്യയുടെ നിലപാടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളിലെ ജനങ്ങളെയും ഇന്ത്യ സഹായിച്ചു.
ബുദ്ധന്റെ പാരമ്പര്യത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ യുദ്ധത്തിലല്ല സമാധാനത്തിലാണ് ഇന്ത്യ വിശ്വാസമർപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരുമിച്ച് നിന്ന് വെല്ലുവിളികളെ നേരിടുകയാണ് വേണ്ടത്. നയതന്ത്രവും ചർച്ചകളുമാണ് അതിന് ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.















