ആലപ്പുഴ: പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കൽ ബാധ്യതയായതോടെ സിപിഎം മുൻ ലോക്കൽ കമ്മറ്റിയംഗം ജീവനൊടുക്കി. പള്ളിപ്പുറം വടക്ക് മുൻ ലോക്കൽ കമ്മറ്റി അംഗവും കട്ടൻ ചാൽ ബ്രാഞ്ച് കമ്മറ്റി അംഗവുമായ ജോസ് മാത്യു (70) ആണ് തൂങ്ങി മരിച്ചത്.
ദേശാഭിമാനി വരിക്കാരെ ചേർക്കാൻ പാർട്ടി നിർദ്ദേശപ്രകാരം 12 പേരുടെ പേരിൽ ലോൺ എടുത്തിരുന്നു. ഇക്കൂട്ടത്തിലൊരാളാണ് ജോസ് മാത്യുവും. വായ്പ അടവിന്റെ പേരിൽ ബാങ്ക് അധികൃതരും പൊലീസും ജോസ് മാത്യുവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യ.
താൻ ഹൃദ്രോഗിയാണെന്നും പാർട്ടി നിർദ്ദേശ പ്രകാരമാണ് ലോണെടുത്തതെന്നും തിരിച്ചടയ്‌ക്കാൻ നിവൃത്തിയില്ലെന്നും ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറിക്ക് ജോസ് മാത്യു കത്തയച്ചിരുന്നു. അറസ്റ്റോ മറ്റ് നടപടികളോ ഉണ്ടായാൽ ആത്മഹത്യ മാത്രമാണ് മുന്നിലുള്ളതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിരുന്നു. പാർട്ടി നടപടി സ്വീകരിക്കാത്തതാണ് ആത്മഹത്യക്ക് പിന്നിലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ സി.ബി ചന്ദ്രബാബു പ്രസിഡൻ്റായ എരമല്ലൂർ അർബൻ ബാങ്കിൽ നിന്ന് നാല് ഗ്രൂപ്പുകളായി 12 പേരുടെ പേരിലാണ് 50,000 രൂപ വീതം പരസ്പര ജാമ്യത്തിൽ ലോണെടുത്തത്. വരിക്കാരെ ചേർക്കുന്ന തുക ലോക്കൽ സെക്രട്ടറിയായിരുന്ന രാജേഷിനെ ഏൽപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. ഇത് പ്രകാരം തുക ഏൽപ്പിച്ചെങ്കിലും ബാങ്കിൽ ഒരു രൂപ പോലും അടച്ചിരുന്നില്ല.
ലോൺ കുടിശിക ആയതോടെ ബാങ്കിൽ നിന്നും നോട്ടീസ് വന്നതോടെ താൻ പണമടച്ചോളാമെന്ന് പറഞ്ഞ് രാജേഷ് രംഗത്ത് വന്നെങ്കിലും വായ്പ അടച്ചുതീർക്കുന്നതിൽ യാതൊരു ശ്രമങ്ങളും നടത്തിയില്ലെന്ന് കത്തിൽ ആരോപിക്കുന്നു. പിന്നീട് മാസം അടവിൽ ചിട്ട് ചേർന്ന് ലോൺ അടച്ച് തീർക്കാൻ ലോക്കൽ കമ്മിറ്റിയിൽ തീരുമാനമായി. ഇതിലേക്ക് 500 രൂപ വീതം അടയ്‌ക്കണമെന്ന് ജോസിനോടും നിർദ്ദേശിച്ചു. സാമ്പത്തികസ്ഥിതി മോശമായതിനാൽ കഴിയില്ലെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാകാണമെന്നും അല്ലാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയത്.















