കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ പുതിയ പ്രിൻസിപ്പൽ ഡോ.സുഹൃത പോളിനെ മാറ്റി. പ്രിൻസിപ്പൽ സ്ഥാനത്തേക്ക് നിയമനം ലഭിച്ച് 10 ദിവസത്തിനുള്ളിലാണ് നീക്കം. ഈ മാസം 15ാം തിയതി ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായപ്പോൾ അഡ്മിനിസ്‌ട്രേറ്റീവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രതിഷേധസമരം നടത്തുന്നവർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബംഗാൾ സർക്കാർ ഈ തീരുമാനം എടുത്തത്. അതേസമയം ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഈ മാസം 12നാണ് ഡോ പോൾ ആർജി കാർ ആശുപത്രി പ്രിൻസിപ്പലായി ചുമതലയേറ്റത്. അന്നേ ദിവസം തന്നെയാണ് മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷ് സ്ഥാനമൊഴിഞ്ഞത്. ഡോ പോളിന് പുറമെ ആശുപത്രി സൂപ്രണ്ട്, ചെസ്റ്റ് ഡിപ്പാർട്‌മെന്റ് മേധാവി എന്നിവരേയും ചുമതലയിൽ നിന്ന് നീക്കി. പിജി വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ പ്രതിഷേധ സമരം വിദ്യാർത്ഥികളും റസിഡന്റ് ഡോക്ടർമാരും കഴിഞ്ഞ ദിവസം ബംഗാളിലെ സ്വാസ്ഥ്യഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു. ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായ ദിവസം ജോലിയിലുണ്ടായിരുന്ന പ്രിൻസിപ്പൽ, സൂപ്രണ്ട് കം വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽ ചുമതലയുള്ള എല്ലാവരേയും സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിൽ ഇവർ ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം പരിഗണിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.ഡോ പോളിന് പകരം മാനസ് ബന്ദോപാധ്യായ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി ചുമതല ഏറ്റെടുക്കും. ബരാസത്ത് മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പലായിരുന്നു ഇദ്ദേഹം. ഈ മാസം ഒൻപതിനാണ് ആശുപത്രിയിൽ വച്ച് പിജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഈ സംഭവത്തിൽ പ്രതിഷേധ സമരം നടക്കുന്നതിനിടെയാണ് 15ാം തിയതി ഒരു സംഘം അക്രമികൾ ആശുപത്രിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇക്കൂട്ടർ ആശുപത്രി അടിച്ച് തകർക്കുകയും, വാഹനങ്ങൾ നശിപ്പിക്കുകയും, പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു.















