സലീം കുമാറുമായുള്ള ബന്ധത്തെപ്പറ്റി മനസ് തുറന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. സലീം കുമാറിനോട് ആരാധനയും ബഹുമാനവും ആണെന്നും തമ്മിൽ ഒരു അകലം ഉണ്ടാകാതെ നോക്കുന്ന ആളാണ് അദ്ദേഹമെന്നും വിഷ്ണു പറഞ്ഞു. ശാരീരികമായ അസ്വസ്ഥതകൾ സലീം കുമാറിനെ ബാധിച്ചിട്ടുണ്ട്. ആരോഗ്യമില്ലാത്ത സലീം കുമാറിനെ കാണുമ്പോൾ തനിക്ക് വിഷമം തോന്നുന്നുവെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.
“ഞാൻ ആദ്യമായിട്ട് അഭിനയിച്ച സിനിമയിൽ സലീം ഏട്ടൻ ഉണ്ടായിരുന്നു, ‘എന്റെ വീട് അപ്പൂന്റേം’. അന്നുമുതൽ കാണുന്നതാണ് അദ്ദേഹത്തെ. സലീം ഏട്ടനോട് വലിയ ആരാധനയാണ്, ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന് തിരിച്ചും അങ്ങനെ തന്നെ. ബഹുമാനം കൊണ്ടുള്ള ഒരു അകലം തോന്നാൻ സലീം ഏട്ടൻ സമ്മതിക്കില്ല. തമാശയൊക്കെ പറഞ്ഞ് നല്ല കമ്പനിയാണ്. അദ്ദേഹം ഫുൾടൈം തമാശയാണ്. എന്തുവന്നാലും തമാശയിലൂടെ അത് പറയുന്ന ആളാണ്”.
“ശാരീരികമായ ചില അസ്വസ്ഥതകൾ ഉള്ളതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ മാത്രമേ സലീമേട്ടന് ഉള്ളൂ. എനിക്ക് അദ്ദേഹത്തെ അങ്ങനെ കാണുന്നത് വിഷമമാണ്. ഇടിയൻ ചന്തു എന്ന സിനിമയിലും നല്ലപോലെയാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. ഷൂട്ടിന് വരുമ്പോൾ തീരെ വയ്യ, ചുമയ്‌ക്കുകയായിരുന്നു. ചുമയ്‌ക്കുമ്പോൾ ബുദ്ധിമുട്ടാണെന്ന് പറയുമ്പോൾ നമുക്ക് വലിയ ദുഃഖമാണ്. എനിക്ക് അങ്ങനത്തെ സലീമേട്ടനെ കാണുന്നത് വിഷമമാണ്. ഒട്ടും വയ്യെങ്കിലും ഷോട്ട് എടുക്കുമ്പോൾ സലീമേട്ടൻ വേറെയാണ്. സ്ക്രീനിൽ അദ്ദേഹത്തെ കാണുമ്പോൾ ഞാൻ ഹാപ്പിയാണ്”-വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.