ആട്, ദി പ്രീസ്റ്റ്, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരം അമേയ മാത്യു വിവാഹിതയായി.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സോഫ്റ്റ് വെയർ എഞ്ചിനീയറായ കിരണാണ് അമേയയുടെ വരൻ. വിവാഹ ചിത്രങ്ങൾ അമേയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
അടുത്ത സുഹൃത്തുക്കൾ ഭാര്യ-ഭർത്താക്കന്മാരായി എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് അമേയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി അമേയ നേരത്തെ പങ്കുവച്ചിരുന്നു. എന്നാൽ വരന്റെ ചിത്രം താരം പങ്കുവച്ചിരുന്നില്ല. ഇതിൽ നിരവധി വിമർശനങ്ങളും നടിക്കെതിരെ ഉയർന്നിരുന്നു.
വിവാഹം കഴിക്കാൻ പോകുന്നയാളുടെ മുഖം ഒളിപ്പിക്കുന്നത് എന്തിനാണെന്നും ആത്മവിശ്വാസം ഇല്ലാത്തതിനാലാണോ ഒളിപ്പിക്കുന്നത് എന്നൊക്കെയായിരുന്നു ഉയർന്ന വിമർശനം. ഇപ്പോഴിതാ വിവാഹ ചിത്രം പങ്കുവച്ചതോടെ ആശംസകളുമായി രംഗത്തെത്തുകയാണ് ആരാധകർ.
കരിക്ക് എന്ന വെബ്സീരീസിലൂടെയാണ് അമേയ അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ജയസൂര്യയുടെ ഹിറ്റ് ചിത്രമായ ആടിലൂടെ താരം മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചു. ആടിന്റെ രണ്ടാം ഭാഗത്തിലും അമേയ അഭിനയിച്ചിരുന്നു.