തിരുവനന്തപുരം: സർക്കാർ ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും പുഴുവിനെ ലഭിച്ചതായി പരാതി. തിരുവനന്തപുരത്തെ മണ്ണന്തലയിലുള്ള പോസ്റ്റ് മെട്രിക് മെൻസ് ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്. മുൻപും ആണിയും, എലി കാഷ്ടവും ഉൾപ്പെടെയുള്ളവ ഹോസ്റ്റലിലെ ഭക്ഷണത്തിൽനിന്നും ലഭിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
പട്ടികജാതി വികസന വകുപ്പ് പിന്നാക്കവിഭാഗത്തിലെ കുട്ടികൾക്കായി നടത്തുന്ന ഹോസ്റ്റലാണിത്. വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും 90 ഓളം വിദ്യാർത്ഥികൾ ഇവിടെയുണ്ട്. വൈകിട്ട് നാല് മണിയോടെ കുട്ടികൾക്ക് കപ്പയോടൊപ്പം നൽകിയ ചമ്മന്തിയിലാണ് പുഴുവിനെ കണ്ടത്. ആഹാരം കഴിച്ചതിനെ തുടർന്ന് പലർക്കും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി.
മുൻപ് പല തവണയും ആഹാരത്തിൽ നിന്ന് ആണിയും എലി കാഷ്ടവും ലഭിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു. പരാതി പറയുന്നവരെ ഒറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാൽ ക്യാമറയ്‌ക്ക് മുന്നിൽ വരാൻ ഭയമാണെന്നും കുട്ടികൾ പറയുന്നുണ്ട്. അടിയന്തരമായി സർക്കാർ ഇടപെടണമെന്നും വൃത്തിയുള്ള ആഹാരം നൽകണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.















