ന്യൂഡൽഹി: രാജ്യത്തിന്റെ ബഹിരാകാശ രംഗം ശക്തിപ്പെടുത്തുന്നതിനും, മേഖലയുടെ പുരോഗതിക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഇന്ന് രാജ്യം ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്ന അവസരത്തിലാണ് എസ്.സോമനാഥിന്റെ പ്രതികരണം. ബഹിരാകാശ മേഖലയുടെ പുരോഗതിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ നിരവധി നയങ്ങളെ കുറിച്ചും, സംരംഭങ്ങളെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു.
രാജ്യത്തിന്റെ ബഹിരാകാശ മേഖലയിൽ നടപ്പാക്കിയ വിവിധ നയങ്ങളിൽ പ്രധാനമന്ത്രി നിർണായക നേതൃത്വം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹം നയങ്ങൾ ഉണ്ടാക്കുക എന്നത് മാത്രമല്ല അത് നടപ്പിലാക്കി കാണിച്ചുവെന്നും സോമനാഥ് വ്യക്തമാക്കി. ” ബഹിരാകാശ മേഖലയിൽ ഇപ്പോൾ വലിയ തോതിലുള്ള പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് ഇതിൽ വ്യക്തമായ കാഴ്‌ച്ചപ്പാടാണ് ഉള്ളത്. സ്‌പേസ് ഡിപ്പാർട്‌മെന്റ്, ഐഎസ്ആർഒ, ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് എന്നിവയൈ കുറിച്ച് പുതിയ നയങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്. ഈ വിഭാഗത്തിന്റേയും ഉത്തരവാദിത്വങ്ങൾ ഇത് വഴി കൃത്യമായി നിർവചിക്കപ്പെടുന്നുണ്ട്. സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഏറ്റവും നല്ല രീതിയിൽ നടപ്പാക്കുന്നു.
ഈ രംഗത്ത് സ്വകാര്യ നിക്ഷേപമോ വിദേശ നിക്ഷേപമോ അനുവദനീയമല്ലായിരുന്നു. അത്തരം നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നു. ജിയോസ്‌പേഷ്യൽ പോളിസിയിൽ ഡിപ്പാർട്‌മെന്റ് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി വരുത്തിയ മാറ്റങ്ങളാണ് മറ്റൊന്ന്. ജിയോസ്‌പേഷ്യൽ ഡാറ്റയും സാറ്റലൈറ്റ് ഡാറ്റയും എല്ലാവർക്കും ഫൈവ് മീറ്റർ റെസല്യൂഷനിൽ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.
ചന്ദ്രയാൻ 3ന്റെ വിജയവും എടുത്ത് പറയേണ്ട ഒന്നാണ്. ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദി തത്സമയം വീക്ഷിക്കുകയായിരുന്നു. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം സുവർണ നിമിഷത്തിൽ പങ്കാളിയാകാൻ ഞങ്ങളോടൊപ്പം ചേർന്നത്. ഗഗൻയാൻ ദൗത്യത്തിലും മറ്റ് ബഹിരാകാശ പദ്ധതിയിലുമെല്ലാം അദ്ദേഹം വലിയ താത്പര്യമാണ് പ്രകടിപ്പിക്കുന്നത്. ബഹിരാകാശ നിലയത്തിനുള്ള പദ്ധതികൾ ഉൾപ്പെടെ ഭാവിയിലെ ഓരോ പ്രോജക്ടുകളിലും അദ്ദേഹം വലിയ സന്തോഷമാണ് പ്രകടിപ്പിച്ചത്.
ചന്ദ്രയാൻ 3ന്റെ വിക്ഷേപണത്തിന് ശേഷം അദ്ദേഹം ബഹിരാകാശ നിലയം സന്ദർശിച്ചു. ഈ സമയം അദ്ദേഹം വികാരാധീനനായി. ഞങ്ങൾ ഓരോരുത്തർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. എല്ലാവരുടേയും പ്രയത്‌നത്തെ അദ്ദേഹം അഭിനന്ദിച്ചു. ബഹിരാകാശ മേഖലയിൽ നടപ്പിലാക്കിയ പല പരിഷ്‌കാരങ്ങളും സ്വതന്ത്ര പ്രവർത്തനത്തിന് സഹായിക്കുന്നുണ്ടെന്നും” അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ 3 വിജയകരമായി ലാൻഡ് ചെയ്തതിന് പിന്നാലെയാണ് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ലാൻഡിംഗ് സൈറ്റിന് ശിവശക്തി പോയിന്റ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ചന്ദ്രയാൻ 2ന്റെ ലാൻഡിംഗ് സൈറ്റിന് തിരംഗ പോയിന്റ് എന്നാണ് പേര് നൽകിയിരിക്കുന്നത്.