കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മ സംഘടന ഇന്ന് പത്രസമ്മേളനം നടത്തും. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് മാദ്ധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്ത് വന്ന് അഞ്ചാം ദിവസമാണ് വിഷയത്തിൽ സംഘടന ഔദ്യോഗിക പ്രതികരണം നടത്തുന്നത്. പത്രസമ്മേളനത്തിന് മുന്നോടിയായി അമ്മ അംഗങ്ങൾ ഓൺലൈനായി യോഗം ചേർന്നിരുന്നു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ മുൻപ് അറിയിച്ചതിനെക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയത് സംബന്ധിച്ച് വിവാദം ശക്തമാവുകയാണ്. സ്വകാര്യത വെളിപ്പെടുത്തുന്ന 21 ഭാഗങ്ങൾ ഒഴിവാക്കണമെന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. 49 മുതൽ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. ലൈംഗികാതിക്രമം സംബന്ധിച്ചുള്ള വിവരങ്ങൾ സർക്കാർ ആരുമറിയാതെ ഒഴിവാക്കിയെന്നുള്ള വിമർശനമാണ് ഇപ്പോൾ ശക്തമാക്കിയിരിക്കുന്നത്.
റിപ്പോർട്ടിന്മേൽ മനുഷ്യാവകാശ കമ്മീഷനും ഇടപെടൽ നടത്തിയിട്ടുണ്ട്. വലിയ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ സിനിമാ മേഖലയിൽ നടക്കുന്നുണ്ടെന്നും, ഇവ പരിശോധിക്കുമെന്നുമാണ് ജുഡീഷ്യൽ കമ്മീഷൻ അംഗം കെ ബൈജുനാഥ് അറിയിച്ചത്. റിപ്പോർട്ടിന്മേൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും എന്തെല്ലാം നടപടികൾ സ്വീകരിക്കും എന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്‌ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.