കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിരോട് ബാങ്കുകൾ അനുകമ്പ കാട്ടണമെന്ന് ഹൈക്കോടതി. സർക്കാർ സഹായത്തിൽ നിന്നും ഇ.എം.ഐയും വായ്പാ കുടിശ്ശികയും പിടിക്കരുതെന്ന് കോടതി. ഇത് സംബന്ധിച്ച് സർക്കാർ ബാങ്കുകൾക്ക് നിർദേശം നൽകണം. ദുരന്തബാധിതരിൽ നിന്നും ഇ.എം.ഐ പിടിച്ച സംഭവത്തെയും ഹൈക്കോടതി വിമർശിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത കേസുൾപ്പെടെ പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ പരാമർശം. ബാങ്കുകൾ മൗലികപരമായ കടമകൾ മറക്കരുതെന്നോർമ്മിപ്പിച്ച കോടതി ദുരന്തബാധിതരിൽ നിന്നും ഇ.എം.ഐ പിടിച്ച സംഭവത്തെ അതിരൂക്ഷമായി വിമർശിച്ചു. അനുകമ്പയും സഹാനുഭൂതിയും നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആദ്യ ദിവസങ്ങളിൽ എല്ലാവരും കൂടെ കരയും, പിന്നീട് ഇതുപോലെ കാണിക്കുമെന്നും കുറ്റപ്പെടുത്തി. വീണ്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന് സർക്കാർ പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
ദുരന്ത ബാധിതരുടെ അക്കൗണ്ടിലേക്ക് സർക്കാർ സഹായമായി വന്ന തുകയിൽ നിന്നും ബാങ്കുകൾ ഇ.എം.ഐ പിടിച്ചതിൽ വലിയ പ്രതിഷേധം ഉയർന്നതോടെ തുക തിരിച്ചു നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ ബാങ്കേഴ്സ് സമിതി യോഗത്തിലെ വിശദാംശങ്ങളും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട റിപ്പോർട്ട് അമിക്കസ്ക്യൂറിയും കോടതിയിൽ സമർപ്പിച്ചു. കേസ് ഒരാഴ്‌ച്ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.