കീവ്: യുക്രെയ്ൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് സെലൻസ്കിയുമായി ഉഭയകക്ഷി ചർച്ച നടത്തിയ അദ്ദേഹം നാല് സുപ്രധാന കരാറുകളിൽ യുക്രയ്നുമായി ഒപ്പുവച്ചു. കാർഷികം, ഭക്ഷ്യോത്പാദനം, മെഡിസിൻ, സാംസ്കാരിക-മാനുഷിക പിന്തുണ എന്നീ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
യുദ്ധത്തിന്റെ കാലം കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചു. സംഘർഷത്തിന് അന്ത്യം കുറിച്ച് യുക്രെയ്നും റഷ്യയും ഉടൻ സമാധാനം പുനസ്ഥാപിക്കണമെന്നും ലോകം ആഗ്രഹിക്കുന്നത് സമാധാനമാണെന്നും പ്രധാനമന്ത്രി നയം വ്യക്തമാക്കി. റഷ്യ സന്ദർശിച്ച വേളയിൽ ഇക്കാര്യം പ്രസിഡന്റ് പുടിനെ ഓർമിപ്പിച്ചിരുന്നതായും നരേന്ദ്രമോദി പറഞ്ഞു.
റഷ്യ-യുക്രെയ്ൻ സംഘർഷം നിലനിൽക്കുന്നതിനാൽ വ്യോമപാതകൾ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽ പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗമാണ് പ്രധാനമന്ത്രി മോദി കീവിലെത്തിയത്. ലോക നേതാക്കൾ ഏറെ പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രി മോദിയുടെ യുക്രെയ്ൻ സന്ദർശനത്തെ നിരീക്ഷിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.