തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ വിമർശനം കടുക്കുന്നു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ തലകുനിച്ച് കേൾക്കുന്നുവെന്ന് സംവിധായകൻ ആഷിഖ് അബു മലയാളം ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം നടൻ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മ വൈസ് പ്രസിഡന്റ് നടൻ ജഗദീഷ് സ്വീകരിച്ച നിലപാട് ആശ്വാസകരവും അഭിമാനവുമായിരുന്നുവെന്നും സംവിധാകൻ പറഞ്ഞു. അമ്മയിൽ തലമുറ മാറ്റം വേണമെന്നും ആഷിഖ് അബു ആവശ്യപ്പെട്ടു.
ബംഗാളിൽ നിന്നെത്തിയ സ്ത്രീ കേരളത്തിൽ ഭയന്നുവിറച്ച് ഒരു രാത്രി തളളി നീക്കേണ്ടി വന്നിരിക്കുന്നു. നഗ്നമായ മനുഷ്യാവകാശ ലംഘനവും സ്ത്രീയോടുളള അക്രമവുമാണുണ്ടായത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിയമപരമായ നടപടി ഉടൻ സ്വീകരിക്കണം അതിനുള്ള ആർജവം സർക്കാർ കാണിക്കണമെന്നും ആഷിക് അബു ആവശ്യപ്പെട്ടു.















