അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമേറ്റെടുത്തതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യം പരിപൂർണമായി നിഷേധിക്കപ്പെട്ടിരുന്നു. ഇസ്ലാമിക നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ സ്ത്രീകൾ പാലിക്കേണ്ട നിയമങ്ങൾ പരിഷ്കരിച്ച് കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് അഫ്ഗാൻ ഭരണകൂടം.
പുതിയതായി പുറത്തിറക്കിയ 114 പേജുകളടങ്ങുന്ന മാർഗരേഖയിൽ 35 ആർട്ടിക്കിളുകളാണ് അടങ്ങിയിരിക്കുന്നത്. ദൈനംദിന ജീവിതത്തിൽ സ്ത്രീകൾ എങ്ങനെ പെരുമാറണമെന്ന് ഇതിൽ നിഷ്കർഷിക്കുന്നു. പൊതുസ്ഥലത്ത് യാത്ര ചെയ്യുമ്പോൾ, ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ എല്ലാം സ്ത്രീകൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് താലിബാൻ അറിയിച്ചിരിക്കുന്നത്.
ആർട്ടിക്കിൾ 13ൽ പറയുന്നത്:
- സ്ത്രീകൾ പൊതുസ്ഥലത്ത് ഇറങ്ങുമ്പോൾ ശരീരം സമ്പൂർണമായി മറയ്‌ക്കണം
- മുഖം മറയ്‌ക്കേണ്ടത് അത്യന്താപേക്ഷിതമാണ് (ഇത് പ്രകോപനങ്ങൾ ഒഴിവാക്കും)
- നേരിയതും ഇറുകിയതും, ഇറക്കം കുറഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കരുത്
- ഇതരമതസ്ഥരുടെ മുന്നിൽ സ്വയം മറയ്‌ക്കണം
- പാട്ടുപാടരുത്, പദ്യം ചൊല്ലരുത്, ഉച്ചത്തിൽ വായിക്കരുത് (ശബ്ദം കേട്ടാൽ പ്രകോപനമുണ്ടാകും)
- ബന്ധുവല്ലാത്ത പുരുഷന് നേർക്ക് കണ്ണ് പായിക്കരുത്
ആർട്ടിക്കിൾ 19ൽ പറയുന്നത്:
- സംഗീതം മുഴക്കരുത്
- സ്ത്രീകൾ ഒറ്റയ്‌ക്ക് യാത്ര ചെയ്യരുത്
- ബന്ധുവല്ലാത്ത സ്ത്രീയുമായും പുരുഷനുമായും ഇടപഴകരുത്















