ആലപ്പുഴ: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ കലാകാരനാണ് രഞ്ജിത്തെന്നും അദ്ദേഹത്തിനെതിരായ ആരോപണം വെറും ആക്ഷേപം മാത്രമാണെന്നും അദ്ദേഹം ചെങ്ങന്നൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കുറ്റം തെളിയാത്ത ഒരാളെ ക്രൂശിക്കാൻ സാധിക്കില്ല. എത്ര ഉന്നതനാണെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചയുണ്ടാകില്ല. പരാതി നൽകാനായി മുന്നോട്ട് വരുമ്പോൾ വസ്തുതകൾ പൊലീസ് പരിശോധിക്കണം. രഞ്ജിത്തിനെതിരായ ആരോപണം വെറും ആക്ഷേപം മാത്രമാണ്. പരാതി തന്നാൽ കേസെടുക്കും. ആക്ഷേപത്തിന്റെ പേരിൽ കേസെടുത്താൽ നിലനിൽക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരാതിയില്ലാതെ കേസെടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീ സംരക്ഷണത്തിന് ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്ന സർക്കാരാണ് പിണറായി സർക്കാർ. സിനിമ രംഗത്തോ മറ്റ് തൊഴിലിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ നടപടി സ്വീകരിക്കും. അതിന്റെ ഭാഗമായാണ് ഹേമ കമ്മിറ്റിയെ പോലും നിയോഗിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻട്രസ്ട്രി മലയാള സിനിമയാണ്. അതിനെ സർക്കാർ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളി നടി ശ്രീലേഖ മിത്രയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ രംഗത്ത് വന്നത്. ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ ഭയപ്പെട്ടാണ് കഴിഞ്ഞതെന്നും ഇത് സംബന്ധിച്ച് പരാതി പറഞ്ഞിരുന്നെങ്കിലും ആരും തന്നെ ബന്ധപ്പെടുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നും നടി ആരോപിക്കുന്നു.
പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു. എന്നാൽ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് ശ്രീലേഖയെ പരിഗണിക്കാതിരുന്നതെന്നാണ് രഞ്ജിത്തിന്റെ വാദം. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.















