മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തിയ പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന ചിത്രം റി റീലിസിന് തയാറെടുക്കുന്നു. മൈഥിലി, ശ്വേത മേനോൻ, ഗൗരി മുൻജൽ,മുസ്തഫ, സിദ്ദിഖ്, ശശി കലിംഗ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം 2009 ലാണ് പുറത്തിറങ്ങിയത്. മികച്ച ചിത്രത്തിനും നടനും നടിക്കും മേക്കപ്പിനുമടക്കം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പാലേരി മാണിക്യത്തിന് ലഭിച്ചിരുന്നു. 4k പതിപ്പാണ് തിയേറ്ററിലെത്തുന്നത്. ഇതിന്റെ ട്രെയിലർ ഇന്ന് രാത്രി 7ന് പുറത്തുവിടും. ചിത്രം നിർമ്മിച്ച മഹാ സുബൈറാണ് വീണ്ടും ചിത്രം തിയേറ്ററിലെത്തിക്കുന്നത്.ഡിറ്റക്ടീവായ ഹരിദാസ്, അപകടകരമായ ലൈംഗികാസക്തിയുള്ള മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജി, ഹാജിയുടെ മൂത്തമകൻ ഖാലിദ് അഹമ്മദ് എന്നീ കഥാപാത്രങ്ങളായാണ് മമ്മൂട്ടി എത്തിയത്.
മണിച്ചിത്രത്താഴ്, സ്ഫടികം,ദേവദൂതൻ തുടങ്ങിയ ചിത്രങ്ങൾ റിറിലീസ് ചെയ്ത് സാമ്പത്തിക നേട്ടം കൊയ്തിരുന്നു ഇതിന് പിന്നാലെയാണ് ഒരു മമ്മൂട്ടി ചിത്രം റിറിലീസിന് ഒരുങ്ങുന്നത്. അതേസമയം പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ രഞ്ജിത്ത് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. ഇത് ചലച്ചിത്ര മേഖലയിലും പൊതുസമൂഹത്തിലും വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഇതിനിടെയാണ് ആ ചിത്രം തന്നെ റി റിലീസിനൊരുങ്ങുന്നത്. അതേസമയം റിലീസ് ചെയ്യുന്ന തീയതി അണിയറക്കാർ വ്യക്തമാക്കിയിട്ടില്ല.