ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനുമുന്നിൽ തൃശൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനുള്ള മാസ്റ്റർപ്ലാൻ അവതരിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ അടിസ്ഥാന സൗകര്യങ്ങളും വികസനവും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതിയുടെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചത്. വിശദമായ ചർച്ചകൾക്ക് ശേഷം രണ്ട് പദ്ധതികൾ ഷോർട്ട് ലിസ്റ്റ് ചെയ്തതായും പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് പദ്ധതിക്ക് അന്തിമ രൂപം നൽകുമെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ അറിയിച്ചു.
ഇന്നലെ വിളിച്ചുചേർത്ത യോഗത്തിൽ അടുത്ത 50 വർഷത്തിനുള്ളിൽ നടപ്പിലാക്കുന്നതിനുള്ള തൃശൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനുള്ള മാസ്റ്റർപ്ലാനാണ് അവതരിപ്പിച്ചത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും റെയിൽവേ ഉദ്യോഗസ്ഥരും എഞ്ചിനീയർമാരുടെ പ്രതിനിധി സംഘവും പങ്കെടുത്ത യോഗത്തിൽ മൂന്ന് തന്ത്രപരമായ പദ്ധതികൾ വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
“ഈ വികസനം നമ്മുടെ സമൂഹത്തിന് നിർണായകമാണ്, മാത്രമല്ല അത് മികവിന്റെയും പ്രയോജനത്തിന്റെയും ഉയർന്ന നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” സുരേഷ് ഗോപി കുറിച്ചു.
വിശദമായ ചർച്ചകൾക്ക് ശേഷം, രണ്ട് പദ്ധതികൾ കൂടുതൽ പരിഗണനയ്‌ക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പദ്ധതികളും വളരെ മികച്ചവയാണ്. തൃശ്ശൂരിലെ വിവിധ അസ്സോസിയേഷനുകളും റെയിൽവേയെ തങ്ങളുടെ പ്രധാന യാത്രാ സ്രോതസ്സായി ഉപയോഗിക്കുന്ന തൃശൂരിലെ പൊതുജനങ്ങളുടെ അഭിപ്രായവും ഉൾപ്പെടുത്തി പദ്ധതിക്ക് അന്തിമരൂപം നൽകുമെന്നും ഇതിനായി ഉടൻ തന്നെ മറ്റൊരു യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.