ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. സോണിയ തന്റെ ചുമലിൽ തങ്ങളുടെ വളർത്തുനായയെ തൂക്കിയിട്ടിരിക്കുന്ന ചിത്രമാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. “അമ്മയുടെ പ്രിയങ്കരൻ” എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സോണിയ ഗാന്ധിയുടെ പ്രിയപ്പെട്ടയാൾ മകൻ രാഹുൽ ഗാന്ധിയോ മകൾ പ്രയങ്ക ഗാന്ധി വദ്രയോ അല്ലെന്നും മറിച്ച് വീട്ടിലെ നായക്കുട്ടി “നൂറി’ക്കാണ് ആ പദവിയെന്നുമായിരുന്നു പോസ്റ്റിലൂടെ രാഹുൽ വെളിപ്പെടുത്തിയത്. നിമിഷ നേരംകൊണ്ട് പോസ്റ്റ് വൈറലായി മാറി. 24 മണിക്കൂറിനുള്ളിൽ, 781,596 ലൈക്കുകളും 5,400 ലധികം കമൻ്റുകളും പോസ്റ്റിന് ലഭിച്ചു.
എന്നാൽ രാഹുലിനെ ട്രോളിയാണ് കമന്റുകളിലധികവും പ്രത്യക്ഷപ്പെട്ടത്. വീട്ടിലും രാഹുൽ ഒരു പരാജയമാണോ എന്നായിരുന്നു ചിലരുടെ ചോദ്യം. നായകുട്ടിയുടെ ബുദ്ധിപോലും പ്രകടിപ്പിക്കാത്തത്കൊണ്ടാവാം അങ്ങനെയെന്നാണ് മറ്റൊരു കമന്റ്. 2023 ഓഗസ്റ്റിൽ ഗോവയിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് ‘ജാക്ക് റസൽ ടെറിയർ’ ഇനത്തിൽപ്പെട്ട നൂറിയെ രാഹുൽ സോണിയക്ക് സമ്മാനിച്ചത്.















