ന്യൂഡൽഹി: ലോക രാജ്യങ്ങൾക്കിടയിൽ പുതിയ ലോകക്രമം ഉണ്ടായികൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ വിദഗ്ധൻ ടി പി ശ്രീനിവാസൻ. പഴയ സ്ഥിതിയല്ല, ഇന്നുള്ളതെന്നും എല്ലാ ലോക രാജ്യങ്ങളും മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനം ടിവിയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു ടി പി ശ്രീനിവാസൻ.
രാജ്യങ്ങൾ പരസ്പരം ചേർന്ന് നിൽക്കാനുള്ള സംഭവങ്ങളൊന്നും ഇപ്പോഴില്ല. കാരണം, ഐക്യരാഷ്‌ട്ര സംഘടനകളിലുണ്ടായിരുന്ന ഒരു ലോകക്രമം അവസാനിച്ചുകഴിഞ്ഞു. ട്രംപ് യുഎസ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഇതിന് തുടക്കമിട്ടത്. മറ്റ് രാജ്യങ്ങളുടെ സഹായം തങ്ങൾക്ക് ആവശ്യമില്ലെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. ഓരോ രാജ്യങ്ങളും മറ്റ് രാജ്യങ്ങളുടെ സഹകരണമില്ലാതെ മുന്നോട്ട് പോകണമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രാധാന്യം കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളെ പോലെയല്ല, യുദ്ധങ്ങൾക്കൊരു അവസാനം ഇല്ലാത്ത അവസ്ഥയാണ് ഇന്ന്. ഈ ഒരു സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും വളരെ സൂക്ഷിച്ച് മാത്രമേ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയുള്ളു. ഏത് രാജ്യത്തോടൊപ്പം നിൽക്കണം എന്ന കാര്യവും ശ്രദ്ധിച്ചാണ് അവർ ചെയ്യുന്നത്.
യുദ്ധം തീരാറൊന്നും ആയിട്ടില്ല. ഒരു പുതിയ ലോകക്രമത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും അവരുടേതായ താത്പര്യങ്ങൾ സംരക്ഷിക്കണം എന്നുള്ള സ്ഥിതിയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. യുക്രെയ്ൻ- റഷ്യ യുദ്ധത്തിലൂടെ രാജ്യങ്ങൾക്ക് വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.
രണ്ട് കൂട്ടർക്കും സഹായകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. എന്നാൽ പലരും അദ്ദേഹത്തിനെതിരെ സംസാരിച്ചിരുന്നുവെന്നും ടി പി ശ്രീനിവാസൻ പറഞ്ഞു.