ആലപ്പുഴ: സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. സജി ചെറിയാന്റെ മണ്ഡലമായ ചെങ്ങന്നൂരാണ് പ്രതിഷേധം നടക്കുന്നത്. ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും സാംസ്കാരിക മന്ത്രിയോ സർക്കാരോ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം.
ബിജെപി പ്രവർത്തകൻ മന്ത്രിയുടെ കോലം കത്തിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ ആരോപണം ഉയരുമ്പോഴും സാംസ്കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു.
രഞ്ജിത്തിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ചെയർമാൻ സ്ഥാനത്തിരുന്ന് ആരോപണത്തെ നേരിടുന്നത് ശരിയല്ലെന്നും രാജി വച്ച് ആരോപണത്തെ നേരിടണമെന്നും സംവിധായകൻ ഭദ്രൻ പ്രതികരിച്ചു. അതേസമയം, പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ രഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.















