റഹ്മാൻ, രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ബാഡ് ബോയ്സിന്റെ ടീസർ പുറത്തിറങ്ങി. ഒമർ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.
സൈജു കുറുപ്പ്, ബാബു ആന്റണി, ഹരിശ്രീ അശോകൻ, ബിബിൻ ജോർജ്, സെന്തിൽ കൃഷ്ണ, ടിനി ടോം എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നാട്ടിലെ പ്രശ്നക്കാരായ സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ തകർപ്പൻ ടീസറാണ് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. അഡാർ ലൗ എന്ന ഓമർ ലുലു ചിത്രത്തിൽ തിരക്കഥ ഒരുക്കിയ സാരംഗ് ജയപ്രകാശാണ് ബാഡ് ബോയ്സിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്.
മുഴുനീള കോമഡി എന്റർടെയ്ൻമെന്റ് ചിത്രം ഓണം റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യൂവാണ് ചിത്രം നിർമിക്കുന്നത്. കളർഫുൾ ആയിട്ടുള്ള ഉത്സവ പ്രതീതി നൽകുന്ന ടീസറാണ് പുറത്തെത്തിയത്. അജു വർഗീസ്, ബാല, മൊട്ട രാജേന്ദ്രൻ, അയജ് വാസുദേവ്, മല്ലിക സുകുമാരൻ, ആരാധ്യ ആൻ, വിഷ്ണു ജോഷി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.















