കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് സംവിധായകൻ രഞ്ജിത്ത്. ഇന്നോ നാളെയോ രാജി നൽകുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് വ്യക്തമാക്കി. രാജി വെക്കുമെന്ന് ചലച്ചിത്ര അക്കാദമി അംഗങ്ങളെ അറിയിച്ചു. നടി ശ്രീലേഖ മിത്രയുടെ ലൈംഗിക ആരോപണത്തെ തുടർന്നാണ് രഞ്ജിത്ത് രാജി വയ്‌ക്കാൻ നിർബന്ധിതനാകുന്നത്.
രഞ്ജിത്തിനെ സംരക്ഷിക്കാൻ സാംസ്കാരിക മന്ത്രി സജി ചെറിയാനും സർക്കാരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സിനിമാ മേഖലയിൽ നിന്നും രാഷ്‌ട്രീയ മേഖലയിൽ നിന്നും സമ്മർദ്ദം കനക്കുകയാണ്. രഞ്ജിത്തിനെ പുറത്താക്കണമെന്ന് മുതിർന്ന സിപിഐ നേതാവ് ആനി രാജ തുറന്നടിച്ചിരുന്നു. ഇതോടെ സിപിഎം നേതൃത്വം വെട്ടിലായിരിക്കുകയാണ്.
രാഷ്‌ട്രീയ അജ്ഞതയാണ് മന്ത്രി സജി ചെറിയാനെന്ന് സംവിധായകൻ ആഷിഖ് അബുവും അഭിപ്രായപ്പെട്ടിരുന്നു. കുറ്റം ചെയ്യാത്ത ഒരാളെ ക്രൂശിക്കാനാവില്ലെന്നും ആരോപണത്തിന്റെ പേരിൽ കേസെടുത്ത് അന്വേഷണത്തിലൂടെ നിരപരാധിയാണെന്ന് തെളിഞ്ഞാൽ എന്തു ചെയ്യുമെന്നായിരുന്നു മന്ത്രി രാവിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പിന്നാലെ വിവിധ കോണുകളിൽ നിന്ന് അദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. രാജി വയ്‌ക്കണമെന്ന ആവശ്യം വരെ ഉയർന്നതോടെ സജി ചെറിയാൻ മലക്കം മറിഞ്ഞു. കുറ്റം തെളിഞ്ഞാൽ നടപടി ഉറപ്പ്. തെറ്റ് ആരുചെയ്താലും സംരക്ഷിക്കില്ലെന്നാണ് ഉച്ചയ്‌ക്ക് ഫേസ്ബുക്കിൽ കുറിച്ചത്.