ജെറുസലേം: ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം രൂക്ഷമായതോടെ ഇസ്രായേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ്. ഇന്ന് രാവിലെ ആറ് മണി മുതൽ രാജ്യത്ത് അടിയന്തരാവസ്ഥ ആരംഭിച്ചു.
ജനങ്ങൾ ഒത്തുകൂടുന്നത് പൂർണമായും ഒഴിവാക്കണമെന്നാണ് നിർദേശം. രാജ്യത്തെ പ്രധാനപ്പെട്ട പല കേന്ദ്രങ്ങളും അടിയന്തരാവസ്ഥയെ തുടർന്ന് അടച്ചു. ലെബനനിൽ നിന്നുള്ള ഹിസ്ബുള്ള ഭീകരർ ഇസ്രായേലിലേക്ക് ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തിലാണ് നീക്കം. ഇസ്രായേലിന്റെ ആക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതോടെയാണിത്. ഹമാസ്-ഇസ്രായേൽ യുദ്ധത്തിന് പിന്നാലെ ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള എത്തിയതോടെയാണ് ലെബനന് നേർക്കും ഇസ്രായേലിന് ആക്രമണം നടത്തേണ്ടി വന്നത്.
ഇസ്രായേലിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലേക്ക് റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു. 320 കത്യുഷ റോക്കറ്റുകൾ തൊടുത്തുവിട്ടുവെന്നാണ് ഹിസ്ബുള്ള പറയുന്നത്. ഇസ്രായേലിന്റെ അയേൺ ഡോം ഇന്റർസെപ്റ്ററുകൾ ഹിസ്ബുള്ളയുടെ റോക്കറ്റുകളെയും ഡ്രോണുകളെയും പ്രതിരോധിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷ അവലോകനം ചെയ്യാൻ കാബിനറ്റ് യോഗം വിളിച്ചുചേർത്തിരിക്കുകയാണ്.