പാരിസ്: ടെലഗ്രാം മേധാവി പവേൽ ഡുറോവ് അറസ്റ്റിൽ. ഫ്രാൻസിലെ ബോർഗെറ്റ് എയർപോർട്ടിൽ വച്ചാണ് അറസ്റ്റിലായത്. 39-കാരനായ ഡുറോവ് ശതകോടീശ്വരനും ടെലഗ്രാം മെസേജിംഗ് ആപ്ലിക്കേഷന്റെ സ്ഥാപകനും സിഇഒയുമാണ്.
ടെലഗ്രാമിലെ ഉള്ളടക്കം ആർക്കെല്ലാം ഷെയർ ചെയ്തുവെന്നോ ഏതെല്ലാം ഉള്ളടക്കം പങ്കുവയ്‌ക്കപ്പെട്ടിട്ടുണ്ട് എന്നോ തിരിച്ചറിയാൻ പുറത്തുനിന്നുള്ളവർക്ക് സാധ്യമല്ല. അതിനാൽ ഏതെങ്കിലും കേസന്വേഷണത്തിന്റെ ഭാഗമായി ടെലഗ്രാം ആപ്പിൽ നിരീക്ഷണം നടത്താൻ പ്രയാസവുമാണ്. അതുകൊണ്ട് തന്നെ ആപ്പിന്റെ ‘രഹസ്യ സ്വഭാവം’ പലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തൽ. ക്രിമിനൽ നടപടികൾക്കായി കുറ്റവാളികൾ വലിയ തോതിൽ ടെലഗ്രാം ആശ്രയിക്കുന്നുവെന്നാണ് ആരോപണം. ഇതിന്റെ ഭാഗമായാണ് ടെലഗ്രാം മേധാവിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ടെലഗ്രാം മേധാവി അറസ്റ്റിലായതുമായി ബന്ധപ്പെട്ട് ടെലഗ്രാം അധികൃതർ ഇതുവരെയും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വിഷയത്തിൽ ഫ്രഞ്ച് പൊലീസും പ്രതികരിച്ചിട്ടില്ല.
മെസേജിംഗ് ആപ്ലിക്കേഷനുകൾ മുഖേന സന്ദേശങ്ങൾ കൈമാറുന്നത് സംബന്ധിച്ച് സർക്കാരിന് വിശദാംശങ്ങൾ ലഭ്യമാകുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് പവേൽ ഡുറോവ്. മറ്റ് പല മെസേജിംഗ് ആപ്ലിക്കേഷനുകളും സർക്കാരുകളെ ഇത്തരത്തിൽ സഹായിക്കുന്നതിനെയും അയാൾ വിമർശിച്ചിരുന്നു. അന്വേഷണ ഏജൻസികൾക്ക് നിരീക്ഷണം നടത്താൻ പ്രയാസമാണെന്നതിനാൽ പല ഭീകരവാദ ഗ്രൂപ്പുകളും ടെലഗ്രാം വഴിയാണ് സന്ദേശങ്ങൾ കൈമാറുന്നത്.
റഷ്യയിലും യുക്രെയ്നിലും ടെലഗ്രാം ആപ്ലിക്കേഷൻ സജീവമാണ്. വെർച്വൽ യുദ്ധഭൂമിയെന്നാണ് ടെലഗ്രാം ഇവിടെ അറിയപ്പെടുന്നത്. പല നിർണായക തീരുമാനങ്ങളും വിവരങ്ങളും രഹസ്യമായി കൈമാറാൻ ടെലഗ്രാമിലൂടെ സാധിക്കുമെന്നതിനാലാണ് യുദ്ധ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും ടെലഗ്രാമിനെ ആശ്രയിക്കുന്നത്.















