ഇന്ന് ഭൂമിയിലേറെ വൈവിധ്യങ്ങളാണെങ്കിലും ഭൂമിയിൽ മുഴുവൻ സമുദ്രങ്ങൾ മാത്രമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഉപരിതലത്തിൽ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാലങ്ങളെടുത്ത് സമുദ്രത്തിൽ നിന്ന് കരയുടെ ചില ഭാഗങ്ങൾ ഉയർന്നുവന്നു. അങ്ങനെ ഭൂമിയിൽ ആദ്യമായി കര തെളിഞ്ഞത് ഇന്ത്യയിലാണെന്ന് എത്ര പേർക്കറിയാം!
കാലങ്ങളായുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. മുൻപ് കരുതിയിരുന്നതിനേക്കാൾ 700 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് സമുദ്രത്തിൽ നിന്നാണ് ഭൂഖണ്ഡങ്ങൾ ഉയർന്നുവന്നത്. ഇതിനും ദശലക്ഷ കണക്കിന് വർഷങ്ങൾക്ക് മുൻപാണ് കര ഉണ്ടായതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 3.2 ബില്യൺ വർഷങ്ങൾക്ക് മുൻപ് കടലിൽ നിന്ന് ഉയർന്നുവന്ന ആദ്യത്തെ കര ജാർഖണ്ഡിലെ സിംഗ്ഭും മേഖലയിലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.
സിംഗ്ഭും മേഖലയിലെ മണക്കല്ലുകൾ വിശകലനം ചെയ്തതോടെ മൂന്ന് ബില്യൺ വർഷം പഴക്കമുള്ള പുരാതന നദീതടങ്ങൾ, വേലിയേറ്റങ്ങൾ, ബീച്ചുകൾ എന്നിവയുടെ ഭൂമിശാസ്ത്രപരമായ തെളിവുകൾ കണ്ടെത്തി. ഇന്ത്യ, ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടേതാണ് കണ്ടെത്തൽ. നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏകദേശം 3.5 മുതൽ 3.2 ബില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയുടെ പുറംതോടിന് താഴെയുള്ള ചൂടുള്ള മാഗ്മ ക്രാറ്റോണിന്റെ ഭാഗങ്ങൾ കട്ടിയുള്ളതാക്കി. ഇത് സിലിക്ക, ക്വാർട്സ് തുടങ്ങിയ ഭാരം കുറഞ്ഞ വസ്തുക്കളാൽ അമിതമായി രൂപപ്പെടാൻ കാരണമായി. ഇത് ക്രറ്റോണിന് ചുറ്റുമുള്ള പാറകൾ കട്ടിയുള്ളതായും രാസപരമായി ഭാരം കുറഞ്ഞതുമായി തീർന്നു. ഈ ഭാഗം വെള്ളത്തിന് പുറത്തേക്ക് ഉയരാൻ കാരണമായി. സുസ്ഥിരമായ ഭാഗത്തെയാണ് ക്രാറ്റോൺ എന്ന് നിർവചിക്കുന്നത്. കാലക്രമേണ അതിന്റെ പുറംതോടിന് ഏകദേശം 50 കിലോമീറ്ററോളം കനം വച്ചു. മഞ്ഞുമല പോലെ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കാൻ ഇത് കാരണമായി. പിന്നീട് ഇതിന്റെ വിസ്തൃതി വർദ്ധിച്ച് വന്നു.















