തിരുവനന്തപുരം: ഒളിമ്പ്യനും ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ഗോൾ കീപ്പറുമായ പി.ആർ ശ്രീജേഷിനെ ആദരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും. സർക്കാരിന്റെ അനുമോദന ചടങ്ങിനെത്തിയ വെങ്കല മെഡൽ ജേതാവിനെയും കുടുംബത്തെയും ശാസ്തമംഗലത്തെ വീട്ടിൽ സ്വീകരിച്ചാണ് അഭിനന്ദിച്ചത്. ഇവർക്കായി സദ്യയുമൊരുക്കിയിരുന്നു.
സംസ്ഥാന സർക്കാർ അനുമോദനം സ്വീകരിക്കാനാണ് ശ്രീജേഷ് കുടുംബ സമേതം തലസ്ഥാനത്ത് എത്തിയത്.എന്നാൽ വകുപ്പുകളുടെ തർക്കത്തെ തുടർന്ന് ചടങ്ങ് മാറ്റിവച്ച് ശ്രീജേഷിനെ അപമാനിക്കുകയായിരുന്നു. വിവരം താരത്തെ ഇന്നലെ വൈകിട്ട് മാത്രമാണ് അറിയിച്ചത്. ഈ അവഗണനയ്ക്ക് താരം പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ഒളിമ്പ്യന് വസതിയിൽ സ്വീകരണമൊരുക്കിയത്.
ഇന്ത്യക്കായി വിയർപ്പൊഴുക്കി നേടിയ അംഗീകാരത്തിനും മെഡലുകൾക്കും രാജ്യം എന്നും കടപ്പെട്ടിരിക്കും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിനും സമർപ്പണത്തിലും ലഭിച്ച ഫലമാണ് വിജയങ്ങളൊന്നും സുരേഷ് ഗോപി പറഞ്ഞു. ശ്രീജേഷിനാെപ്പം ഭാര്യ ഡോ. അനീഷ്യ, മക്കൾ, സഹോദരങ്ങൾ മാതാപിതാക്കൾ എന്നിവരും ഉണ്ടായിരുന്നു.ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു.