തിരുവന്തപുരം: ഒപ്പം താമസിക്കുന്ന യുവാവിന്റെ ചവിട്ടേറ്റ് യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു. തിരുവല്ല കാരാത്രയിലാണ് സംഭവം. സംഭവത്തിൽ പ്രതി വിഷ്ണു ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ടുമാസമായി യുവതിക്കൊപ്പമാണ് ഇയാളുടെ താമസം. ഇവർ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം വീട്ടിൽ വച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി യുവതിയെ ചവിട്ടിയത്. തുടർന്ന് യുവതിക്ക് കഠിനമായ വയറുവേദന ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്ന വിവരം വ്യക്തമായത്.
അഞ്ച് മാസം പ്രായമുള്ള ഗർഭസ്ഥശിശുവാണ് മരിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഇന്ന് രാവിലെയോട് കൂടി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന സംശയമുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.















