സോൾ: കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ സൂയിസൈഡ് ഡ്രോണുകളുടെ പരീക്ഷണം നടത്തി ഉത്തരകൊറിയ. സൈന്യത്തെ യുദ്ധസജ്ജമാക്കാനുള്ള ആയുധങ്ങൾ വികസിപ്പിക്കുന്നതിന് ഭാഗമായാണ് ഡ്രോണിന്റെ പരീക്ഷണം. അമേരിക്കയും ദക്ഷിണ കൊറിയയുമായും നിലനിൽക്കുന്ന സംഘർഷ സാധ്യത കണക്കിലെടുത്താണ് നീക്കം.
ഡ്രോൺ പരീക്ഷണത്തിന്റേതായി പുറത്തുവന്ന ചിത്രങ്ങളിൽ X ആകൃതിയിലുള്ള വാലുകളും ചിറകുകളുമുള്ള ഒരു വെള്ള ഡ്രോൺ ദക്ഷിണ കൊറിയയുടെ K-2 യുദ്ധ ടാങ്കിനോട് സാമ്യമുള്ള ഒരു ലക്ഷ്യത്തിലേക്ക് ഇടിച്ച് നശിപ്പിക്കുന്നതായി കാണാം. അടുത്തിടെ വർദ്ധിച്ചുവരുന്ന ഉത്തരകൊറിയൻ ആണവ ഭീഷണികളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് യുഎസും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു.
കരയിലും കടലിലുമുള്ള ശത്രു ലക്ഷ്യങ്ങളെ ആക്രമിക്കാനായി നിർമ്മിച്ച വിവിധതരം ഡ്രോണുകൾ പരീക്ഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി അറിയിച്ചു. സൈനിക സാങ്കേതിക വിദ്യകളിലെ ആഗോള പ്രവണതകൾ യുദ്ധത്തിൽ ഡ്രോണുകളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നുവെന്നും അതിനാൽ എത്രയും നേരത്തെ തന്നെ ഡ്രോണുകളുടെ വിപുലമായ ശേഖരംകൊണ്ട് സൈന്യത്തെ ശാക്തീകരിക്കുമെന്നും കിം ജോങ് ഉൻ പറഞ്ഞുവെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.