കൊച്ചി: വിലക്കിന്റെ കാര്യത്തിൽ പാർവതിക്ക് മുമ്പ് നിങ്ങളുടെ മുമ്പിലുള്ള ഉദാഹരണം ഞാനല്ലേയെന്ന് പൃഥ്വിരാജ്. ഞാനെടുത്ത നിലപാടിന്റെ പേരിൽ. നിരോധനം എന്ന് വിളിക്കുന്നത് തെറ്റാണ്. ബഹിഷ്കരണം എന്നത് ഓരോരുത്തരുടെയും അവകാശമാണ്. ബഹിഷ്കരണമെന്ന് പറയുന്നത് അധികാരകേന്ദ്രങ്ങളിൽ നിൽക്കുന്നവരിൽ നിന്നുണ്ടാകുമ്പോൾ അത് പലപ്പോഴും പ്രതിഫലിക്കുന്നത് നിരോധനമായിട്ടാണ്.അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ, ഇന്നും സംഘടിതമായി ഒരാളുടെ താെഴിൽ അവസരം നിഷേധിക്കുന്നുണ്ടെങ്കിൽ അത് അഡ്രസ് ചെയ്യപ്പെടണം.
അതിനെതിരെ നടപടികളുണ്ടാകണം. അങ്ങനെ ചെയ്യാൻ ഒരാൾക്കും അധികാരമോ അവകാശമോ ഇല്ല. ഇതിനെയാണ് നിങ്ങൾ പവർ ഗ്രൂപ്പ് എന്ന് പറയുന്നതെങ്കിൽ ആ ഗ്രൂപ്പ് മലയാള സിനിമയിൽ ഉണ്ടാകാൻ പാടില്ലെന്നും നടൻ തുറന്നടിച്ചു. അമ്മയ്‌ക്ക് പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. എനിക്ക് ചെയ്യാന്‍ കഴിയുന്നത് എനിക്ക് ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കുക എന്നുള്ളതാണ്. എന്നാൽ അതിൽ തീരുന്നതല്ല എന്റെ ഉത്തരവാദിത്തം. ഒരു ബ്രേക്കിംഗ് ന്യൂസിൽ തീരുന്നതല്ല നിങ്ങളുടെ ഉത്തരവാദിത്തവും എന്ന് അദ്ദേഹം പറഞ്ഞു.















