റാവൽപിണ്ടി ടെസ്റ്റിൽ പാകിസ്താനെ വീഴ്‌ത്തി ബംഗ്ലാദേശ് ചരിത്ര ജയം സ്വന്തമാക്കിയിരുന്നു. പത്തു വിക്കറ്റിനായിരുന്നു അവരുടെ പാകിസ്താനെതിരെയുള്ള കന്നി ജയം. നാട്ടിൽ തോറ്റതോടെ പാകിസ്താൻ ടീം രൂക്ഷവിമർശനത്തിനിരയാകുന്നത്. ഇതിൽ നിന്നൊക്ക വിഭിന്നമായ ഒരു കാരണമാണ് പാകിസ്താന്റെ തോൽവിക്ക് പിന്നിലെന്നാണ് മുൻ താരം റമീസ് രാജയുടെ വാദം.
“ആദ്യത്തെ തെറ്റ് ടീം തിരഞ്ഞെടുപ്പാണ്. ഒരു സ്പിന്നറില്ലാതെയാണ് കളിക്കാൻ ഇറങ്ങിയത്. പിന്നെ നമ്മുടെ പേസ് നിരയുടെ പ്രതാപം എല്ലാം പോയി. ഏഷ്യാ കപ്പിൽ ഇന്ത്യ പാക് ബൗളർമാരെ അടിച്ചൊതുക്കിയതോടെയാണ് പതനം തുടങ്ങിയത്. പേസിനെ പിന്തുണച്ച പിച്ചിലാണ് പാക് ബൗളർമാർ തല്ലുവാങ്ങിയത്.
ഇതോടെ അവരുടെ ആത്മവിശ്വാസവും മൂർച്ചയും പോയി. എതിരാളികൾ പാകിസ്താൻ ബൗളർമാരെ നേരിടാൻ പഠിച്ചു. അവിടെ പാകിസ്താന് മികച്ചാെരു പേസർ ഇല്ലായിരുന്നു. എന്നാൽ 125-135 കിലോ മീറ്റര്‍ വേഗത്തിൽ പന്തെറിഞ്ഞ ബംഗ്ലാദേശ് ബൗളർമാർ പാക് ബാറ്റർമാരെ വെള്ളം കുടിപ്പിച്ചു. ക്യാപ്റ്റന് മത്സരത്തിന്റെ സാഹചര്യം മനസിലാക്കാനായില്ല”—എന്നും റമീസ് രാജ യുട്യൂബ് ചാനലിൽ പറഞ്ഞു.